ന്യൂഡൽഹി: 12 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം പെപ്സികോ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഇന്ദ്ര നൂയി പടിയിറങ്ങുന്നു. രമോന്‍ ലഗുരാതയെയാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഒക്ടോബർ മൂന്നിന് നൂയി സ്ഥാനമൊഴിയും. ഇന്ത്യയില്‍ വളര്‍ന്ന തനിക്ക് ഇത്രയും വലിയൊരു കമ്പനിയുടെ ഭാഗമാവാന്‍ കഴിയുമെന്ന് കരുതിയില്ലെന്ന് നൂയി പ്രതികരിച്ചു. പെപ്സികോ ഇപ്പോള്‍ മികച്ചൊരു സ്ഥാനത്ത് എത്തിയെന്നും ഇനിയും ശോഭനമായ ദിനങ്ങളാണ് ബാക്കി നില്‍ക്കുന്നതെന്നും നൂയി പറഞ്ഞു.

‘സമ്മിശ്രമായ വികാരങ്ങളുടെ ദിനമാണ് ഇന്ന് എനിക്ക്. കഴിഞ്ഞ 24 വര്‍ഷക്കാലമായി എന്റെ ജീവിതവും ഹൃദയത്തിന്റെ തന്നെ ഭാഗവും ആയിരുന്നു പെപ്സികോ. എപ്പോഴും അത് അങ്ങനെ തന്നെ തുടരും. ഞങ്ങള്‍ ചെയ്തതിലും ഇനി ചെയ്യാന്‍ പോവുന്നതിലും ഞാന്‍ ഏറെ അഭിമാനിക്കുന്നു. പെപ്സികോയുടെ നല്ല ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുളളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു’, നൂയി ട്വീറ്റ് ചെയ്തു.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയുടെ സിഇഒ ആയി 2006ലാണ് നൂയി നിയമിതയായത്. കഴിഞ്ഞ 24 വർഷമായി പെപ്സികോയ്ക്കൊപ്പം പ്രവർത്തിച്ചു വരികയാണ് നൂയി. ഇതിൽ 12 വർഷം അവർ സിഇഒ ആയിരുന്നു. സ്ഥാനമൊഴിഞ്ഞാലും അധികാരക്കൈമാറ്റം പൂർത്തിയാകുന്ന 2019 വരെ നൂയി സ്ഥാനത്ത് സാങ്കേതികമായി തുടരും.

പെപ്സികോയുടെ ഗ്ളോബൽ ഓപ്പറേഷൻസ് ചുമതല വഹിക്കുന്ന ലഗാർത്ത,​ പ്രസിഡന്റെന്ന നിലയിൽ കന്പനിയുടെ പൊതുനയ രൂപീകരണത്തിന്റെ ഭാഗവും കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook