Ivanka Trump Floats Indra Nooyi’s Name for Next World Bank Chief: വാഷിങ്ടൺ: പെപ്സികോ മുൻ സിഇഒയും ഇന്ത്യൻ വംശജയുമായ ഇന്ദ്രാ നൂയിയെ ലോകബാങ്കിന്റെ തലപ്പത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. നീണ്ട 12 വർഷക്കാലം ഇന്ദ്രാ നൂയിയാണ് പെപ്സികോയെ നയിച്ചത്.
ലോകബാങ്കിന്റെ പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്ന സമിതിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും ഉണ്ട്. ഇവരാണ് ഇന്ദ്രാ നൂയിക്ക് വേണ്ടി ചരടുവലിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ പ്രസിഡന്റാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാൽ ട്രംപ് സർക്കാർ ആവശ്യപ്പെട്ടാലും ഇന്ദ്രാ നൂയി ഈ ഓഫർ സ്വീകരിക്കുമോയെന്നത് വ്യക്തമല്ല. ഇന്ദ്ര നൂയിയെ ഗുരുസ്ഥാനീയയെന്നും മാർഗദർശിയെന്നും ഇവാൻക വിശേഷിപ്പിച്ചിരുന്നു.
ഇപ്പോൾ ജിം യോങ് കിം ആണ് ലോകബാങ്കിന്റെ തലപ്പത്തുളളത്. മൂന്ന് വർഷം കൂടി കാലാവധിയുളള കിം ഇപ്പോൾ തന്നെ രാജിസന്നദ്ധത പ്രകടിപ്പിച്ചത് സാമ്പത്തിക ലോകത്തിന് അദ്ഭുതമായിരുന്നു. ഒരു സ്വകാര്യ നിക്ഷേപക സ്ഥാപനത്തെ നയിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.
അതേസമയം, രാജ്യാന്തര സാമ്പത്തിക കാര്യങ്ങളിൽ ഇവാൻക ട്രംപ് ഇടപെടുന്നത് വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇന്ദ്രാ നൂയി നേരത്തെ ട്രംപിന്റെ ബിസിനസ് കൗൺസിലിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2016 ൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്റെ സ്ഥാപനത്തിലെ കറുത്ത വർഗ്ഗക്കാരായ തൊഴിലാളികൾ തങ്ങളുടെ ജീവൻ സുരക്ഷിതമാണോയെന്ന് പരസ്പരം ചോദിക്കുന്നതായും അവർ പറഞ്ഞിരുന്നു.