ഇന്‍ഡോര്‍: തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ അനുഭവിക്കേണ്ടിവന്ന ക്രൂരമായ അനുഭവം ട്വിറ്ററില്‍ പങ്കുവയ്ക്കുകയാണ് ഇന്‍ഡോര്‍ സ്വദേശിയായ  മോഡൽ. അപരിചിതരായ രണ്ടുപേര്‍ തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചതായി ആകര്‍ഷി പറയുന്നു.

‘തിരക്കുപിടിച്ച റോഡിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ വന്ന് എന്റെ വസ്ത്രം ഉയര്‍ത്തി. ‘അടിയില്‍ എന്താണുള്ളതെന്ന് കാണട്ടെ’ എന്നു പറഞ്ഞുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം കൈവിട്ട് ഞാന്‍ താഴെ വീണു’- അപകടത്തില്‍ പരുക്കേറ്റതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

tweet

ഇതെല്ലാം നടന്നത് വളരെ തിരക്കുപിടിച്ച ഒരു സ്ഥലത്തായിരുന്നു. എന്നിട്ടും ഒരാള്‍ പോലും ഇടപെടുകയോ അവരെ തടുക്കാന്‍ നോക്കുകയോ ചെയ്തില്ലെന്ന് ആകര്‍ഷി പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. ഇതിനു മുമ്പ് ഒരിക്കലും ഇത്രയും നിസഹായത തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്നു. സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

നിലത്തുവീണ തന്നെ സഹായിക്കാനെത്തിയ പ്രായം ചെന്നയാള്‍ പറഞ്ഞത് തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്നാണ്. എന്തു ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്. വസ്ത്രധാരണത്തിന്റെ പേരില്‍ എന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും  അവർ വ്യക്തമാക്കി. അപകടത്തില്‍ തന്റെ ശരീരത്തിലുണ്ടായ മുറിവുകള്‍ മാഞ്ഞേക്കാമെന്നും എന്നാല്‍ ആത്മാവിലെ മുറിവുകള്‍ മായില്ലെന്നും അവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook