ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ ജീവൻ പോയത് മുന്നൂറിലധികം പേർക്കാണ്. ഇന്തോനേഷ്യയിലെ പ്രശസ്ത പോപ് സംഘമായ സെവന്റീനിലെ അംഗങ്ങളും സുനാമിയിൽ മരിച്ചിരുന്നു. ജാവ ദ്വീപിലെ ടാൻജങ് ലെസങ് ബീച്ച് റിസോർട്ടിൽ പരിപാടി നടക്കുന്നതിനിടെയാണ് സുനാമി ഇരച്ചെത്തിയത്. ഇതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സുനാമിയിൽനിന്നും രക്ഷപ്പെട്ടത് ബാൻഡിലെ ഗായകനായ റിഫിയാൻ ഫജർസിയാഗ് മാത്രമാണ്. പക്ഷേ സുനാമിയിൽ റിഫിയാന് നഷ്ടമായത് സ്വന്തം ബാൻഡിനെ മാത്രമല്ല ഭാര്യയെയും കൂടിയാണ്. റിഫിയാന്റെ പരിപാടി കാണാൻ ഭാര്യ ഡെയ്ലൻ സഹാറയും എത്തിയിരുന്നു. കൈയ്യടികളുമായി ഭർത്താവിന് പ്രോത്സാഹനങ്ങൾ നൽകുന്നതിനിടെയാണ് സുനാമി എത്തിയത്. സ്റ്റേജ് തകർത്തെറിഞ്ഞ് മുന്നോട്ടെത്തിയ സുനാമിയിൽ സഹാറയും പെട്ടു. സുനാമിക്കുശേഷം സഹാറയെ കാണാനില്ലായിരുന്നു. ഇന്നലെ ആശുപത്രിയിലാണ് സഹാറയുടെ മൃതദേഹം റിഫിയാൻ തിരിച്ചറിഞ്ഞത്.
Terrifying video shows tsunami crashing into the Indonesian band Seventeen in concert at the Tanjung Lesung Beach, Banten. The band’s bass player and road manager are dead, three other band members and the singer’s wife are missing. #Tsunami #PrayforBanten #PrayForAnyer pic.twitter.com/mLlTr0donT
— Ericssen (@EricssenWen) December 23, 2018
”നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും, ഡെയ്ലൻ സഹാറ?” എന്ന ക്യാപ്ഷനോടെയാണ് റിഫിയാൻ ഭാര്യയ്ക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദിയെന്നും എന്റെ ഭാര്യയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും റിഫിയാൻ പറഞ്ഞിട്ടുണ്ട്. 25 കാരിയായ സഹാറയ്ക്ക് 26 വയസ്സ് തികയാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് സുനാമിയിൽ ജീവൻ നഷ്ടമായത്. സുനാമിയിൽ തന്റെ സുഹൃത്തുക്കൾ നഷ്ടമായെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് റിഫിയാൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ബാൻഡ് സംഘത്തിൽനിന്നും രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയാണ് 35 കാരനായ റിഫിയാൻ. ബാൻഡിലുണ്ടായിരുന്ന മൂന്നുപേരും സുനാമിയിൽ മരിച്ചിരുന്നു. നിരവധി ആൽബങ്ങൾ പുറത്തിറക്കിയിട്ടുളള സെവന്റീൻ ബാൻഡിന് ഇന്തോനേഷ്യയിൽ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.