ജക്കാർത്ത: 15 വർഷമായി ലൈംഗിക അടിമയായി തടവിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. മന്ത്രവാദിയായ ജാഗോയാണ് പെൺകുട്ടിയെ വർഷങ്ങളായി ലൈംഗിക അടിമയാക്കി വച്ചിരുന്നത്. തന്റെ വീടിനു സമീപത്തെ ഗുഹയിലാണ് ഇയാൾ പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്.

2003 ൽ 13 വയസ്സുളളപ്പോഴാണ് ബാജുഗൻ ഗ്രാമത്തിൽനിന്നും പെൺകുട്ടിയെ കാണാതായത്. ജാഗോയുടെ പക്കൽ പെൺകുട്ടിയെ ചികിൽസയ്ക്കായി മാതാപിതാക്കൾ കൊണ്ടുപോയിരുന്നു. ചികിൽസയുടെ ഭാഗമായി കുട്ടിയെ അവിടെയാക്കി വീട്ടുകാർ പോയി. പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ജാഗോയോട് ചോദിച്ചപ്പോൾ ജക്കാർത്തയിൽ അവൾ ജോലി തേടി പോയെന്നാണ് പറഞ്ഞത്. പക്ഷേ പിന്നീട് വീട്ടുകാർ ഒരിക്കൽപ്പോലും പെൺകുട്ടിയെ കണ്ടില്ല.

15 വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാഗോയുടെ വീടിനു സമീപത്തായുളള ചെറിയൊരു ഗുഹയിൽനിന്നാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ഇത്രയും വർഷം പെൺകുട്ടി ഇവിടെ ലൈംഗിക അടിമയായി കഴിയുകയായിരുന്നു.

പെൺകുട്ടിയുടെ കാമുകന്റെ ആത്മാവ് തന്റെ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ പെൺകുട്ടിയുടെ കാമുകനാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ജോക്ടർ ജാഗോ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നതെന്ന് പൊലീസ് ഓഫിസർ മുഹമ്മദ് ഇക്ബാൽ അൽഖുദുസി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഒരു യുവാവിന്റെ ഫോട്ടോ കാട്ടി അത് കാമുകൻ അംറിൻ ആണെന്ന് പെൺകുട്ടിയോട് പറഞ്ഞു. അംറിന്റെ ആത്മാവ് തന്റെ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ അംറിൻ ആണെന്നും പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അംറിനാണെന്ന് പറഞ്ഞാണ് ഇയാൾ 15 വർഷമായി പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഇതിനിടെ പലതവണ പെൺകുട്ടി ഗർഭം ധരിച്ചു. ജാഗോ ഓരോ തവണയും മരുന്നുകൾ നൽകി ഗർഭച്ഛിദ്രം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

പെൺകുട്ടി തടവിൽ കഴിഞ്ഞിരുന്ന ഗുഹ. Photo Credit Gidi Traffic Twitter

വീട്ടിൽ പെൺകുട്ടിയെ താമസിപ്പിച്ചാൽ പെട്ടെന്ന് കണ്ടുപിടിക്കുമെന്ന് മനസ്സിലാക്കിയാണ് ഇയാൾ വീടിനു സമീപത്തെ കാടിനുളളിലെ ചെറിയൊരു ഗുഹയിൽ പെൺകുട്ടിയെ ഒളിപ്പിച്ചത്. പെൺകുട്ടിയെ കാണാതായ അന്നുരാത്രി തന്നെ ഇയാൾ പെൺകുട്ടിയെ ഇവിടേക്ക് മാറ്റിയിരുന്നു.

അതേസമയം, പെൺകുട്ടിയുടെ സഹോദരി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പെൺകുട്ടിയെ രക്ഷിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഡോക്ടർ ജാഗോയുടെ മകനെയാണ് പെൺകുട്ടിയുടെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത്. അതേസമയം, പെൺകുട്ടിയെ ഇത്രയും കാലം ജാഗോ ലൈംഗിക അടിമയാക്കി വച്ചത് സഹോദരിക്ക് അറിവുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ചതിന് ജാഗോയ്ക്ക് 15 വർഷത്തെ തടവുശിക്ഷ അനുഭവിക്കണം. മറ്റു ചില കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook