scorecardresearch
Latest News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണം 162, രക്ഷാപ്രവർത്തനം തുടരുന്നു

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലാണു റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്

ഇന്തോനേഷ്യയിലെ ഭൂചലനം: മരണം 162, രക്ഷാപ്രവർത്തനം തുടരുന്നു
ഫൊട്ടോ: ബി എൻ പി ബി ഇന്തോനേഷ്യ

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിനു പേര്‍ക്കു പരുക്കേറ്റതായും പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിലിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, 62 പേർ മരിച്ചതായാണു ദേശീയ ദുരന്ത നിവാരണ ഏജന്‍സി (ബി എന്‍ പി ബി) ഏറ്റവും പുതിയ കണക്ക് വ്യക്തമാക്കുന്നത്.

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21നാണു ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ജക്കാര്‍ത്തയിലെയും പരിസരങ്ങളിലെയും നിവാസികള്‍ക്കു ഭൂചലനം അനുഭവപ്പെട്ടു.

ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായാണു സിയാന്‍ജൂര്‍. ഇവിടെ കരയില്‍ 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേയും ഇന്തോനേഷ്യന്‍ വെതര്‍ ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സിയും (ബി എം കെ ജി) അറിയിച്ചു. സുനാമിക്കു സാധ്യതയില്ലെന്നും ഏജന്‍സി വ്യക്തമാക്കി.

ഭൂചലനത്തെത്തുടര്‍ന്നു സിയാന്‍ജൂരിന് ചുറ്റും നിരവധി മണ്ണിടിച്ചിലുണ്ടായതായാണു റിപ്പോര്‍ട്ട്. ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂള്‍, ഒരു ആശുപത്രി, മറ്റ് പൊതു സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിവരധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജക്കാര്‍ത്തയിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ആളപായത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നു ദുരന്ത നിവാരണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ 20 പേര്‍ മരിക്കുകയും മുന്നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സിയാന്‍ജൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹെര്‍മന്‍ സുഹെര്‍മാന്‍ വാര്‍ത്താ ചാനലായ മെട്രോ ടിവിയോട് നേരത്തെ പറഞ്ഞിരുന്നു. ഇത് ഒരു ആശുപത്രിയില്‍നിന്നു മാത്രമുള്ള വിവരമാണെന്നും സിയാന്‍ജൂരില്‍ നാല് ആശുപത്രികളുള്ളതിനാല്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

27 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും സുനാമികളും ഇടക്കിടെ ഉണ്ടാകാറുണ്ട്. ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 460 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ജനുവരിയില്‍, പടിഞ്ഞാറന്‍ സുലവേസി പ്രവിശ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നൂറിലലധികം ആളുകള്‍ കൊല്ലപ്പെടുകയും 6,500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2004-ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും ഒരു ഡസന്‍ രാജ്യങ്ങളിലായി ഏകദേശം 230,000 പേര്‍ മരിച്ചിരുന്നു. അവരില്‍ ഏറെയും പേര്‍ ഇന്തോനേഷ്യക്കാരായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indonesia earthquakejava island death toll updates