പലു: ഇന്തോനേഷ്യയില്‍ സുലവോസി ദ്വീപിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. 700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ സുനാമിയിൽ കാണാതായിട്ടുണ്ട്. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരിൽ ഏറെയും.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുലവോസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെയുള്ള ദ്വീപിൽ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് സുനാമിയുണ്ടായത്. റിക്ടര്‍ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി ആഞ്ഞടിച്ചത്.
ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. പക്ഷെ മിനിറ്റുകൾക്ക് ശേഷം അതിശക്തമായ ഭൂചലനം വീണ്ടും ഉണ്ടായി. ഇതോടെ സുനാമി കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകൾ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കരയിലേക്ക് അടിച്ച് കയറിയത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളും ഭൂചലനത്തിലും സുനാമിയിലുമായി തകര്‍ന്നടിഞ്ഞു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. എന്നാൽ പല പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധിച്ചിട്ടില്ല.
വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കഴിഞ്ഞ ജൂലൈഓഗസ്റ്റ് മാസത്തില്‍ സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ഉണ്ടായ ഭൂചലനത്തിലും 500 ലേറെ പേർക്ക് ജീവന് നഷ്ടമായിരുന്നു. 2004 ഡിസംബറില്‍ പശ്ചിമ ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യ അടക്കമുളള രാജ്യങ്ങളിൽ സുനാമി തിരമാലകൾ വീശിയടിച്ചിരുന്നു. ഈ ദുരന്തത്തിൽ 2,30,000 പേര് മരിച്ചിരുന്നു.