ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ആണവ കരാറിനെതിരെ ‘ആഭ്യന്തര തലത്തില്‍ എതിര്‍പ്പ് വളര്‍ത്താന്‍’ ഇടതുപാര്‍ട്ടികളുമായുള്ള ‘അടുത്ത ബന്ധം’ ചൈന ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന രാഷ്ട്രീയമായി ഇടപെടുന്ന ആദ്യ സംഭവം ഇതായിരിക്കാമെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു.
രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രത്യാഘാതങ്ങളുണ്ടാകാവുന്ന ഈ വെളിപ്പെടുത്തല്‍, വിജയ് ഗോഖലെയുടെ പുതിയ പുസ്തകമായ ‘ദി ലോങ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണുള്ളത്. പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യ അടുത്തിടെയാണു പുസ്തകം പ്രസിദ്ധീകരിച്ചത്.
”… ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ചൈന പ്രയോജനപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ)യുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റി(സിപിഎം)ന്റെയും ഉന്നത നേതാക്കള്‍ യോഗങ്ങള്‍ക്കോ ചികിത്സകള്‍ക്കോ ചൈനയിലേക്ക് പോകും,” പുസ്തകത്തില്‍ പറയുന്നു.
”അതിര്‍ത്തി പ്രശ്നവും ഉഭയകക്ഷി താല്‍പ്പര്യമുള്ള മറ്റു കാര്യങ്ങളും വന്നപ്പോള്‍ ഇരു കക്ഷികളും ദേശീയതയുള്ളവരായിരുന്നു, എന്നാല്‍ അവര്‍ക്ക് ഇന്ത്യ-യുഎസ് ആണവ കരാറിനെക്കുറിച്ച് അടിസ്ഥാനപരമായ ആശങ്കയുണ്ടെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു,” ഗോഖലെ എഴുതുന്നു.
ഡോ. മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിലുള്ള ഇടതുപാര്‍ട്ടികളുടെ സ്വാധീനം അറിഞ്ഞുകൊണ്ട്, ചൈന അമേരിക്കയോടുള്ള ഇന്ത്യയുടെ ചായ്വിനെക്കുറിച്ച് ഭയം പ്രകടിപ്പിച്ചിരിക്കാക്കാം. ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ ആദ്യ ഉദാഹരണമായിരിക്കാം ഇത്, പക്ഷേ അവര്‍ തിരശീലയ്ക്കു പിന്നില്‍ തുടരാന്‍ ശ്രദ്ധിക്കണം,” അദ്ദേഹം എഴുതുന്നു.
Also Read: ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം
1998 ലെ ആണവ പരീക്ഷണങ്ങളില്‍ സ്വീകരിച്ച നിലപാടിനു വിപരീതമായിരുന്നു ഈ കാലയളവിലുടനീളം ചൈനയുമായി ഇന്ത്യ നടത്തിയ ഇടപെടലുകളെന്ന് ഗോഖലെ പറയുന്നു. എന്‍എസ്ജിയില്‍നിന്ന് ഇന്ത്യ തേടുന്ന 123 കരാറിന്റെയും ഇളവിന്റെയും വിഷയം ചൈനക്കാര്‍ ഒരിക്കലും ഉഭയകക്ഷി യോഗങ്ങളില്‍ ഉന്നയിച്ചിട്ടില്ല. ഇന്ത്യ ഈ വിഷയം ഉന്നയിച്ചപ്പോഴെല്ലാം അപൂര്‍വമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
”പകരം, ആണവായുധങ്ങളുമായി ബന്ധപ്പെട്ട ആശയപരമായ പ്രശ്നമുള്ള ഇടത് പാര്‍ട്ടികളിലൂടെയും ഇന്ത്യയിലെ ഇടതുപക്ഷ ചായ്വുള്ള മാധ്യമങ്ങളിലൂടെയും ഇന്തോ-യുഎസ് ഇടപാടിനെതിരെ ആഭ്യന്തര എതിര്‍പ്പ് ഉയര്‍ത്താന്‍ ചൈന പ്രവര്‍ത്തിച്ചതായി കാണപ്പെട്ടു. ഇന്ത്യന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന രാഷ്ട്രീയമായി ഇടപെടുന്ന ആദ്യ സന്ദര്‍ഭമായിരിക്കാം ഇത്. ഇന്ത്യന്‍ താല്‍പ്പര്യ ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ ചൈന കൂടുതല്‍ സങ്കീര്‍ണമാവുകയാണ്, ”അദ്ദേഹം എഴുതുന്നു.
അതേസമയം, ആണവ കരാര്‍ ഇന്ത്യ-യുഎസ് തന്ത്രപരമായ സഖ്യം ഉറപ്പുവരുത്തുന്നതായിരുന്നുവെന്നും അതുകൊണ്ടാണ് എതിര്‍ത്തതെന്നും അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ അമേരിക്കയുമായി ഇന്ത്യ ആണവക്കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
”ആണവ കരാര്‍ ഇന്ത്യ-യുഎസ് തന്ത്രപരമായ സഖ്യം ഉറപ്പുവരുത്തുന്നതായിരുന്നു, അതില്‍ സൈനിക സഹകരണമായിരുന്നു പ്രധാനം. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ എതിര്‍ത്തത്. അതാണ് അന്തിമമായി സംഭവിച്ചതെന്നു തുടര്‍ന്നുള്ള കാര്യങ്ങള്‍ തെളിയിച്ചു. ആണവ കരാര്‍ നമുക്ക് എന്ത് നേടിത്തന്നു? നമുക്ക് ആണവ ശക്തി വര്‍ധിപ്പിക്കാന്‍ കഴിയും, വിപുലീകരിക്കാമെന്ന് അവര്‍ പറഞ്ഞു… ഒന്നും സംഭവിച്ചില്ല. നമ്മള് അമേരിക്കയുമായി സൈനികമായും തന്ത്രപരമായും അടുത്ത ബന്ധം സ്ഥാപിച്ചുവെന്നതാണ് സംഭവിച്ചത്. നമ്മള് അത്തരമൊരു അത്തരമൊരു കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് സംഭവിക്കുമെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞതാണ്,” കാരാട്ട് പ്രതികരിച്ചു.
ആണവ കരാര്‍ നമ്മളെ അമേരിക്കയെ തന്ത്രപരമായി പൂര്‍ണമായും ആശ്രയിക്കാന്‍ ഇടവരുത്തുമെന്നായിരുന്നു ഞങ്ങളുടെ ധാരണയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ കരാര്‍ സംബന്ധിച്ച് അദ്ദേഹമോ മറ്റേതെങ്കിലും ഇടതു നേതാക്കളോ ഏതെങ്കിലും സമയത്ത് ചൈയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല’ എന്നായിരുന്നു കരാട്ടിന്റെ മറുപടി.
Also Read: തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ: 2016നും 2019നും ഇടയിൽ രാജ്യത്ത് 24 ശതമാനം വർധനയെന്ന് കണക്കുകൾ
കിഴക്കേനേഷ്യയുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് സെക്രട്ടറിയെന്ന നിലയില്‍, വിജയ് ഗോഖലെ 2007-09 കാലത്ത് വിദേശകാര്യ മന്ത്രാലയത്തില്‍ ചൈനയുമായുള്ള കാര്യങ്ങള്‍ നോക്കുകയായിരുന്നു. 2007നും 2008നുമിടയിലാണു ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ പ്രാവര്‍ത്തികമായത്. ചൈന എതിര്‍പ്പ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ആണവ വിതരണക്കാരുടെ സംഘത്തിന്റെ (എന്‍എസ്ജി) ഇളവ് ഇന്ത്യക്ക് ലഭിച്ചിരുന്നു.
39 വര്‍ഷത്തെ തന്റെ നയതന്ത്രജീവിതത്തിനിടയില് ഗോഖലെ 20 വര്‍ഷത്തിലധികം ചൈനയിലും ഏഴ് വര്‍ഷം വിദേശകാര്യ മന്ത്രാലയത്തിലെ ചൈന ഡെസ്കിലും ഏഴ് വര്‍ഷം കിഴക്കന്‍ ഏഷ്യയിലും പ്രവര്‍ത്തിച്ചു. ചൈനയുടെ ഔദ്യോഗിക ഭാഷയായ മാണ്ഡരിനില്‍ പ്രാവീണ്യമുള്ളയാളായ ഗോഖലെ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചൈന നിരീക്ഷകരില്‍ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനു പകരം 2018 ജനുവരിയില്‍ വിദേശകാര്യ സെക്രട്ടറിയായ ഗോഖലെ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.
കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇന്ത്യയും ചൈനയും ചര്‍ച്ച ചെയ്ത ആറ് വിഷയങ്ങളാണ് ഗോഖലെയുടെ പുസ്തകത്തില്‍ ഉള്‍പ്പെടുന്നത്. പീപ്പിള്‍സ് റിപ്പബ്ലിക്ക് ചൈനയെ ഇന്ത്യ അംഗീകരിച്ചതു മുതല്‍ മുതല്‍ ടിബറ്റ് വരെ, പൊഖ്റാനിലെ ആണവ പരീക്ഷണം, സിക്കിം, ഇന്ത്യ -യുഎസ് ആണവ കരാര്‍, മസൂദ് അസ്ഹറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ പ്രഖ്യാപിക്കല്‍ എന്നിവയാണവ.
മസൂദ് അസ്ഹറിനെക്കുറിച്ചുള്ള അധ്യായത്തില്‍, ജെയ്ശെ മുഹമ്മദ് തലവനെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ചൈന റഷ്യക്കാരെ എങ്ങനെ ഉപയോഗിച്ചുവെന്ന് ഗോഖലെ വെളിപ്പെടുത്തുന്നു. ഒരു ഘട്ടത്തില്‍, ‘ജെയ്ശെ മുഹമ്മദ് പ്രവര്‍ത്തനരഹിതമാണ്’ എന്നും’ ‘മസൂദ് അസ്ഹര്‍ ‘വിരമിച്ചു’ എന്നും പാകിസ്ഥാന് വിശ്വസനീയമായ ഉറപ്പുനല്‍കിയതായും ചൈന അവകാശപ്പെട്ടുവെന്നും പുസ്തകം പറയുന്നു.
എന്നാല്‍ ഇന്ത്യ അത് അംഗീകരിച്ചില്ല. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാ സമിതി 2019 മേയില്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചപ്പോള്‍, വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രധാന ചര്ച്ചകരില് ഒരാളായിരുന്നു ഗോഖലെ.