ലക്നൗ: ശിലാഫലകത്തില്‍ പേരില്ലാത്തതിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ ചെരുപ്പൂരി അടി കൂടിയതിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തര്‍പ്രദേശിലെ സന്ത് കബിര്‍ നഗറിലെ ബിജെപി എംപി ശരദ് ത്രിപാദിയും എംഎല്‍എ രാകേഷ് സിങും തമ്മിലുണ്ടായ വാക്കേറ്റമാണ് കഴിഞ്ഞ ദിവസം അടിയിൽ കലാശിച്ചത്.

പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മ വെച്ചു പൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ബിജെപി അച്ചടക്കമുളള പാര്‍ട്ടിയാണ്. അച്ചടക്കമില്ലായ്മ വെച്ചു പൊറുപ്പിക്കാനാവില്ല. ഈ സംഭവത്തില്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും,’ ആദിത്യനാഥ് പറഞ്ഞു.

പ്രദേശിക റോഡിന്റെ ഉദ്ഘാടന ശിലാ ഫലകത്തില്‍ എന്തുകൊണ്ട് തന്റെ പേരില്ലായെന്ന് ചോദിച്ച് ശരദ് ത്രിപാദി രാകേഷ് സിങ് എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എ രാകേഷും എംപിയായ ശരദിനെതിരേ മോശമായ ഭാഷയില്‍ സംസാരിച്ചു. തുടര്‍ന്ന് ശരദ് ത്രിപാദി ചെരിപ്പൂരി രാകേഷിനെ അടിക്കുകയായിരുന്നു.

രാകേഷ് തിരിച്ചും ശരദ് ത്രിപാദിയെ മര്‍ദിച്ചു. അടി കനത്തതോടെ യോഗത്തിനെത്തിയ പൊലിസും ജനപ്രതിനിധികളും ഇരുപേരെയും പിടിച്ചുമാറ്റിയതോടെയാണ് സംഘര്‍ഷം സമാപിച്ചത്. ജനപ്രതിനിധികളുടെ അടി വിവാദമായതോടെ ഇരുവർക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ബിജെപി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook