കിരണ്‍ ദേവിക്ക് രണ്ട് മക്കളാണുള്ളത്. ഒരാള്‍ക്ക് മൂന്ന് വയസും മറ്റൊരു കുട്ടിക്ക് ഒന്നര വയസും. ഇപ്പോള്‍ കിരണ്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. എന്നാല്‍ അടുത്ത രണ്ട് മാസം കൂടി ജയ്പൂരിലെ പ്രാന്തപ്രദേശത്തുള്ള ഖനിയോൻ കി ബയോറി എന്ന പടി കിണറ്റിന്റെ പരിസരം വൃത്തിയാക്കുന്നതടക്കമുള്ള ജോലികള്‍ അവള്‍ ചെയ്യും.
സർക്കാരിന്റെ ഇന്ദിരാഗാന്ധി നഗര തൊഴിൽ പദ്ധതിയുടെ (ഐആര്‍ജിവൈ) ലോഞ്ച് ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വെള്ളിയാഴ്ച തൊഴില്‍ കാർഡ് കൈമാറിയ അഞ്ച് സ്ത്രീകളിൽ കിരണും ഉൾപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ എംജിഎൻആർഇജിഎയുടെ മാതൃകയിൽ നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രതിവർഷം 100 ദിവസത്തെ ജോലിയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
“നവംബര്‍ മാസം വരെ ഞാന്‍ ജോലി ചെയ്യും. എനിക്ക് വിശ്രമിക്കാനാകില്ല, ഒരു കുഞ്ഞിന് ജന്മം നല്‍കാനുണ്ട്. കുട്ടി ജനിച്ച് കഴിയുമ്പോള്‍ ഭക്ഷണം കൊടുക്കണ്ടേ,” കിരണ്‍ ചോദിക്കുന്നു. കിരണിന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. ആദ്യമായി ലഭിച്ച ജോലിയാണിത്. “എന്റെ ഭര്‍ത്താവ് ജോലിയൊന്നും ചെയ്യില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങനടപ്പാണ്. മൂന്ന് കുട്ടികളെ നോക്കാന്‍ ഞാന്‍ ജോലി ചെയ്തെ മതിയാകു,” കിരണ്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ പിതാവ് സഹായം കൊണ്ടാണ് കിരണ്‍ പല കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. “ഞങ്ങളുടേത് കൂട്ടുകുടുംബമാണ്. ഭര്‍ത്താവിന്റെ അനിയനും കുടുംബവും ഉണ്ട്. ഭര്‍ത്താവിന്റെ പിതാവിന് 3,000 രൂപ മാസ വരുമാനമുണ്ട്. അതുകൊണ്ടാണ് ജീവിക്കുന്നത്.”
ഐആര്‍ജിവൈ വഴി ഒരു ദിവസം 259 രൂപയാണ് കിരണിന് ലഭിക്കുക. ചിലവിന്റെ പകുതി മാത്രമെ ഇതുകൊണ്ട് തികയുകയുള്ളു. “വീട്ടില്‍ വെറുതെ ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ്. എന്റെ മൂത്ത കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങി. പക്ഷെ പണം ഇല്ലാത്തതുകൊണ്ട് പഠനം തുടരാനാകുന്നില്ല. എല്ലാത്തിനും ഭര്‍ത്താവിന്റെ പിതാവിന്റെ വരുമാനം തികയുന്നില്ല,” കിരണ്‍ കൂട്ടിച്ചേര്‍ത്തു.
കിരണിന് പുറണെ സപ്ന, രേഖ, ഗീത, ഹിമ എന്നിവര്‍ക്കും തൊഴില്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേവി എന്ന പ്രത്യയം ഉപയോഗിച്ചാണ് അവ അവതരിപ്പിച്ചത്. ഇവര്‍ അഞ്ച് പേരുടെ ജീവിതവും കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദിവസവേതനമായ 259 രൂപ വര്‍ധിപ്പിക്കണമെന്നും ജോലി സ്ഥിരപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
ഭക്ഷണം പോലും കഴിക്കാതെയാണ് സപ്ന ആദ്യ ദിവസം ജോലിക്കെത്തിയത്. “കാലിന് പ്രശ്നമുള്ളതുകൊണ്ട് എന്റെ ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ സാധിക്കില്ല. സഹിക്കാനാകുന്നതിലും ബുദ്ധിമുട്ടിലാണ് ജീവിക്കുന്നത്,” സപ്ന കരഞ്ഞുകൊണ്ട് പറഞ്ഞു. “മൂന്ന് മക്കള്‍ ഉള്‍പ്പടെ അഞ്ച് പേരുടെ ചിലവാണ് നോക്കേണ്ടത്. പച്ചക്കറി വാങ്ങി കഴിക്കാന്‍ പോലും സാധിക്കുന്നില്ല. തക്കാളികൊണ്ട് ചമ്മന്തിയുണ്ടാക്കി റൊട്ടിക്കൊപ്പം കഴിക്കുന്നതാണ് കുടുംബത്തിന്റെ പതിവ്.”
താന്‍ പലപ്പോഴും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നാണ് പാര്‍വതി പറയുന്നത്. “ഈ പണം എങ്ങനെ തികയാനാണ്. പ്രതിമാസം 15,000-17,000 രൂപ വരെ ആവശ്യമാണ്. ഇതില്‍ കൂടുതലും മരുന്നിനായാണ്. എനിക്ക് ആസ്മ, തൈറോയിഡ്, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുണ്ട്. പ്രമേഹവും ഉണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. പക്ഷെ പണമില്ലാത്തതുകൊണ്ട് അതിന് മരുന്ന് കഴിക്കാറില്ല.”
വീടുകളില്‍ ജോലിക്ക് പോലും പ്രതമാസം 2,000 രൂപ സമ്പാദിച്ചിരുന്നതായി രേഖ ദേവി പറയുന്നു. ഭര്‍ത്താവിന് ഓടകള്‍ വൃത്തിയാക്കുന്ന ജോലിയാണ്. “പ്രതിദിനം 259 രൂപ എന്നത് കാര്യമായൊന്നുമില്ല. പക്ഷെ മറ്റ് വഴികള്‍ ഞങ്ങള്‍ക്ക് മുന്നിലില്ല. എനിക്കെന്റെ കുട്ടികളെ വളര്‍ത്തണം, രേഖ പറയുന്നു. രേഖയ്ക്ക് നാല് കുട്ടികളാണുള്ളത്. ഒരാള്‍ക്ക് 12 വയസാണുള്ളത്,”