ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 100-ാം ജന്മദിനത്തില് ആദരമര്‍പ്പിച്ച് രാജ്യം. രാജ്യത്ത് മതേതരത്വം സ്ഥാപിക്കാന്‍ പോരാടിയ വ്യക്തിയാണ് ഇന്ദിരയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ‘രാജ്യത്തെ ജനങ്ങളെ അതിരുകള്‍ വരച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോരാടിയ വ്യക്തിയാണ് ഇന്ദിരാഗാന്ധി. ഇന്ത്യയുടെ വൈവിധ്യപൂര്‍ണവും ജനാധിപത്യവും മതേതരവുമായ മൂല്യങ്ങളില്‍ അവര്‍ വളരെ ആനന്ദിച്ചിരുന്നു’, സോണിയാഗാന്ധി പറഞ്ഞു. മാതൃഭൂമിയില്‍ എല്ലാ ഇന്ത്യക്കാരും തുല്യരായ മക്കളാണെന്ന് വിശ്വസിച്ചയാളാണ് ഇന്ദിരയെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
സഫ്ദാര്ജംഗ് റോഡിലെ ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി എന്നിവരും പങ്കെടുത്തു.
രാഷ്ട്രശില്പി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മകള്‍ എന്ന നിലയില്‍ അധികാരത്തിലെത്തിയ ഇന്ദിര, ആജ്ഞാശക്തിയുള്ള നേതാവെന്ന പേര് സ്വന്തമാക്കി. “ഇന്ത്യയെന്നാല്‍ ഇന്ദിര” എന്നുവരെ അനുയായികള്‍ അവരെ വാഴ്ത്തി. 1917-ല്‍ ജനിച്ച ഇന്ദിര ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു.
അക്കാലത്തുതന്നെ അധികാരത്തിന്റെ വഴികളില്‍ നടന്നിരുന്നു. 1959-ല്‍ അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നെഹ്റുവിന്റെ മരണ ശേഷം രാജ്യസഭാംഗമായ ഇന്ദിര, ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായി. 1966-ല്‍ ശാസ്ത്രി മരണമടഞ്ഞപ്പോള്‍ ആദ്യമായി പ്രധാനമന്ത്രിയായി.1975 ജൂണിലാണ് ഇന്ത്യയില്‍ വ്യക്തിസ്വാതന്ത്ര്യം നിരോധിച്ചെന്ന് കുപ്രസിദ്ധി നേടിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിരയെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ ജയിലിലടച്ചു.
1980 ജനുവരിയിലാണ് അവര്‍ വീണ്ടും പ്രധാനമന്ത്രിയായത്. ഇക്കാലയളവിലാണ് സ്വതന്ത്ര ഖാലിസ്ഥാന്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള തീവ്രവാദം പഞ്ചാബില്‍ ശക്തമായത്. സിഖുകാരുടെ പുണ്യ കേന്ദ്രമായ സുവര്‍ണക്ഷേത്രം ആസ്ഥാനമാക്കിയായിരുന്നു തീവ്രവാദ പ്രവര്‍ത്തനം. തീവ്രവാദികളെ തുരത്താനായി 1984 ജൂണില്‍ സുവര്ണക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ചതു വഴി അവര്‍ സിഖുകാരുടെ മുഖ്യ ശത്രുവായി. 1984 ഒക്ടോബര്‍ 31-ന് സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് അവര്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് ഇന്ദിരയുടെ മൂത്തമകന് രാജീവ് പ്രധാനമന്ത്രിയായി. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി രാജ്യത്തെ മികച്ച പാര്ലമെന്റേറിയന്മാരില് ഒരാളായാണു വിലയിരുത്തപ്പെടുന്നത്. 1942-ലായിരുന്നു അവരുടെ വിവാഹം. രണ്ടാമത്തെ മകന് സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു എന്നു വിലയിരുത്തുന്നവരുമുണ്ട്.