ന്യൂഡല്‍ഹി: അടുത്തിടെയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരന് യാത്രക്കാരനെ മര്‍ദിച്ചതിന്റെ ദൃശ്യം പുറത്തുവന്നത്. അതിന്റെ ക്ഷീണം മാറും മുന്നേ ജീവനക്കാരുടെ പിഴവു കാരണം വീണ്ടും ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വീണ്ടും മാപ്പുപറയേണ്ടി വന്നു. ഇത്തവണ ജീവനക്കാരന്റെ അശ്രദ്ധമൂലം ശാരീരിക അവശതയുള്ള യാത്രക്കാരി വീല്‍ച്ചെയറില്‍ നിന്ന് താഴെവീണ് പരുക്കേറ്റതാണ് ഇന്‍ഡിഗോയ്ക്ക് നാണക്കേടായത്.
Read More: ഇൻഡിഗോ ജീവനക്കാരൻ യാത്രക്കാരനെ മർദിക്കുന്നതിന്റെ വിഡിയോ പുറത്ത്
ലക്നൗ വിമാനത്താവളത്തില്‍ വച്ചാണ് ഉര്‍വശി പരീഖ് വിരേന്‍ എന്ന യാത്രക്കാരിക്ക് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉര്‍വശിയേയും കൊണ്ട് ഇന്‍ഡിഗോ ജീവനക്കാരന് പുറത്തേക്ക് വരുന്നതിനിടെ വീല്‍ചെയര്‍ നീങ്ങാതാകുകയും ബാലന്‍സ് തെറ്റി ഉര്‍വശി താഴെ വീഴുകയുമായിരുന്നു.
പരുക്കേറ്റ ഉര്‍വശിക്ക് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം സംഭവത്തില്‍ ജീവനക്കാരനെ ന്യായീകരിച്ച് ഇന്‍ഡിഗോ എയര്‍ രംഗത്തുവന്നു. അപകടം മാനുഷിക പിഴവല്ലെന്നാണ് വിമാന കമ്പനി പറയുന്നത്.