/indian-express-malayalam/media/media_files/2025/12/05/indigo-crisis-at-delhi-2025-12-05-11-08-06.jpg)
ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഡൽഹി എയർപോർട്ടിലെ തിരക്ക് (Photo: : Arul Horizon)
IndiGo flight Cancellations: : ന്യൂഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ഫെബ്രുവരി 10-ഓടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്ന് ഇൻഡിഗോ എയർലൈൻസ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ (ഡിജിസിഎ) അറിയിച്ചു. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ എഫ്ഡിടിഎൽ ചട്ടങ്ങളിൽ ഫെബ്രുവരി 10 വരെ താത്കാലിക ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read:ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി തിങ്കളാഴ്ച മുതൽ സർവീസുകൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതായും കമ്പനി ഡിജിസിഎയെ അറിയിച്ചു. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ കൂടി കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടേക്കാം.
പുതിയ എഫ്ഡിടിഎൽ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ ആവശ്യമായി വരുന്ന ഫ്‌ലൈറ്റ് ക്രൂവിന്റെ (ജീവനക്കാരുടെ) എണ്ണം കണക്കാക്കുന്നതിൽ പിഴവ് പറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
Also Read:ഇൻഡിഗോയിൽ പ്രതിസന്ധി; ഫ്ലൈറ്റ് ഡ്യൂട്ടി നിയമങ്ങൾ തിരിച്ചടിയായത് എങ്ങനെ?
അതേസമയം, ഇൻഡിഗോ വിഷയം കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു അതൃപ്തി രേഖപ്പെടുത്തി. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നിലവിലെ സാഹചര്യത്തിൽ വിമാനക്കൂലി വർധിക്കാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ഇൻഡിഗോയുടെ നിരവധി വിമാനങ്ങളാണ് രാജ്യത്തുടനീളം റദ്ദാക്കിയത്. വ്യാഴാഴ്ച മാത്രം 250-ഓളം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ബുധനാഴ്ച ഇൻഡിഗോയുടെ കൃത്യസമയത്തുള്ള സർവീസ് നിരക്ക് 19.7 ശതമാനമായി കൂപ്പുകുത്തിയിരുന്നു. സാധാരണ 80 ശതമാനത്തിന് മുകളിലുണ്ടാകാറുള്ള നിരക്കാണിത്.
വലഞ്ഞ് യാത്രക്കാർ
പൈലറ്റുമാരുടെ പ്രതിവാര വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഉയർത്തിയതും, രാത്രികാല ലാൻഡിംഗുകൾ ആറിൽ നിന്ന് രണ്ടായി ചുരുക്കിയതും ഇൻഡിഗോയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
Also Read:സാങ്കേതിക തകരാർ; ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നു
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് 15 ദിവസത്തിലൊരിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാരുമായുള്ള ആശയവിനിമയം കാര്യക്ഷമമാക്കാനും വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനും അധികൃതർ തീരുമാനിച്ചു.
Read More: പുടിൻ ഡൽഹിയിൽ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us