ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ യാത്രക്കാരനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്ത്. 53 കാരനായ രാജീവ് കത്യാലിനെയാണ് ജീവനക്കാരൻ മർദിച്ചത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഒക്ടോബർ 15 നായിരുന്നു സംഭവം നടന്നത്. ഇപ്പോഴാണ് സംഭവത്തിന്റെ വിഡിയോ പുറത്തുവന്നത്.

ചെന്നൈയിൽനിന്നും ഡൽഹിയിലെത്തിയ രാജീവ് കത്യാൽ വിമാനയാത്രക്കാർക്കുളള ബസ് വരാൻ വൈകിയതിനെ ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചത്. കത്യാലും ജീവനക്കാരനും ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടായി. വാഹനത്തിൽ കയറാൻ തുടങ്ങുന്ന രാജീവിനെ ജീവനക്കാരൻ ബലമായി പിടിച്ചുമാറ്റുന്നതും രാജീവിനെ അടിച്ചു താഴെയിടുന്നതും നിലത്തുവീണ അദ്ദേഹത്തെ ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ കാണാം.

ബസിനായി വിമാനത്തിന് അടുത്തായി കാത്തുനിൽക്കുകയായിരുന്നു. അപ്പോൾ ജീവനക്കാരൻ അടുത്തെത്തി അവിടെനിന്നും പോകാൻ ആവശ്യപ്പെട്ടു. ഞാനവരോട് ബസ് എത്താത്തതിനെക്കുറിച്ചു ചോദിച്ചു. അപ്പോൾ അയാൾ എനിക്കു നേരെ ക്ഷുഭിതനാവുകയും ഞങ്ങളുടെ ജോലിയെക്കുറിച്ച് പഠിപ്പിക്കേണ്ട എന്നു പറയുകയും ചെയ്തു. ബസിൽ കയറാൻ തുടങ്ങിയ തന്നെ വലിച്ചിറക്കി മർദിച്ചുവെന്നും കത്യാൽ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് യാത്രക്കാരനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയതായും ജീവനക്കാരനെതിരെ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ