ലക്നൗ: വിമാനത്തിനകത്ത് കൊതുക് ഉണ്ടെന്ന് പരാതിപ്പെട്ട ഹൃദ്യോഗ വിദഗ്ധനെ ഇന്‍ഡിഗോ ജീവനക്കാര്‍ ഇറക്കി വിട്ടതായി പരാതി. ബംഗളൂരു സ്വദേശിയായ ഡോ. സൗരഭ് റായിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ‘ഭീഷണിപ്പെടുത്തുന്ന ഭാഷയില്‍’ സംസാരിച്ചതിനാണ് നടപടി എടുത്തതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ‘വിമാനം റാഞ്ചുക’ എന്നടക്കമുളള വാക്കുകള്‍ ഇയാള്‍ ഉപയോഗിച്ചെന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച് രാവിലെ 6 മണിയോടെയാണ് ലക്നൗ വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം വിമാനത്തില്‍ കയറിയത്. എന്നാല്‍ വിമാനത്തില്‍ കയറിയ ഉടനെ കൊതുക് ഉണ്ടെന്ന് ഡോക്ടര്‍ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നാല്‍ മിണ്ടാതെ ഇരുന്നോളാനാണ് ജീവനക്കാരന്‍ പറഞ്ഞതെന്ന് ഡോക്ടര്‍ ആരോപിച്ചു. ഇതിനെ ചൊല്ലി ഇയാളുമായി ഡോക്ടര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് തന്നെ ബലമായി പിടിച്ചു പുറത്താക്കിയതായും ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡോക്ടര്‍ വീഡിയോയില്‍ ആരോപിച്ചു.

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് ഇന്‍ഡിഗോ കമ്പനി പ്രസ്താവന ഇറക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ഭീഷണി ആയതിനാലാണ് നടപടി എടുത്തതെന്നാണ് ഇന്‍ഡിഗോയുടെ വാദം. കൊതുക് ശല്യത്തെ കുറിച്ച് പരാതിപ്പെട്ട ഡോക്ടര്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി ഇവര്‍ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ