പട്ന: 174 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ബിഹാറിലെ പട്ന വിമാനത്താവളത്തില്‍വെച്ചാണ് വിമാനത്തിന്റെ കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ മുഴുവന്‍ യാത്രക്കാരേയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചു.
6ഇ-508 വിമാനമാണ് എഞ്ചിന് പറ്റിയതെന്ന് കരുതുന്ന തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം മുടക്കിയത്. 60 സെക്കന്റിനുളളില്‍ തന്നെ യാത്രക്കാരെ മുഴുവനും ഒഴിപ്പിച്ചതായാണ് വിവരം. കാബിനില്‍ നിന്നും പുക ഉയരുന്നത് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. 60 സെക്കന്റുകള്‍ക്കുളളില്‍ തന്നെ യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചതായും ഇന്‍ഡിഗോ അറിയിച്ചു.
ടയര്‍ പൊട്ടിത്തെറിച്ചോ എഞ്ചിന് തീപിടിച്ചോ അല്ല അപകടം ഉണ്ടായതെന്നാണ് എയര്‍ലൈന്‍സ് വ്യക്തമാക്കുന്നത്. വിമാനത്തില്‍ 174 യാത്രക്കാരുണ്ടായിരുന്നതായും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഇന്‍ഡിഗോ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പാറ്റ്ന വിമാനത്താവളത്തില്‍ നിന്നുളള നാല് വിമാനങ്ങള്‍ വൈകിയാണ് പറക്കുന്നത്.