ഹൈദരാബാദ്: ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സംഭവസമയത്ത് 72 യാത്രക്കാരും ജീവനക്കാരും അടക്കം 77 പേരുണ്ടായിരുന്നു. നടിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ റോജയും വിമാനത്തിൽ ഉണ്ടായിരുന്നു.

തിരുപ്പതിയിൽനിന്നും ഹൈദരാബാദിലേക്ക് എത്തിയ ഇൻഡിഗോയുടെ 6E 7117 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻതന്നെ വിമാനത്തിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

8.55 ന് തിരുപ്പതിയിൽനിന്നും പുറപ്പെട്ട വിമാനം 10.25 ഓടെയാണ് ഹൈദരാബാദിൽ എത്തിയത്. സംഭവത്തിനുപിന്നാലെ റൺവേ അടച്ചിട്ടു. ഇതേത്തുടർന്ന് ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പുലർച്ചെ 2.30 വരെ റൺവേയുടെ പ്രവർത്തനം തടസപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ