ന്യൂഡല്‍ഹി: മെഡിക്കല്‍ ഏമര്‍ജന്‍സിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. എന്നാല്‍ എയര്‍പോര്‍ട്ട് മെഡിക്കല്‍ ടീം എത്തും മുമ്പ് യാത്രക്കാരന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6സി-1736 വിമാനത്തിലാണ് യാത്രക്കാരന്‍ ഉണ്ടായിരുന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ട് വിമാനത്തിലെ മറ്റ് യാത്രക്കാരെ മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. ഈ വാര്‍ത്തയില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒപ്പമുണ്ട്,’ ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു.