ന്യൂഡൽഹി: റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ശനിയാഴ്ച അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
കഴിഞ്ഞ മേയ് ഏഴിനാണ് റാഞ്ചി-ഹൈദരാബാദ് വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ കുട്ടിയെ അധികൃതർ തടഞ്ഞത്. കുട്ടിക്ക് യാത്ര ചെയ്യാൻ അനുമതി നിഷേധിച്ചതോടെ മാതാപിതാക്കളും -അവരോടൊപ്പം ഉണ്ടായിരുന്നവരും വിമാനത്തിൽ കയറേണ്ടെന്ന് തീരുമാനിക്കുകയുണ്ടായി. വിമാനത്താവളത്തിൽ മറ്റൊരു വിമാനത്തിൽ കയറാൻ കാത്തുനിന്ന യാത്രക്കാരനാണ് ഫെയ്സ്ബൂക്കിലൂടെ ഈ സംഭവം പുറത്തെത്തിച്ചത്. പിന്നാലെ മേയ് ഒമ്പതിന്, കുട്ടി പരിഭ്രാന്തനായി കാണപ്പെട്ടതിനാൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചുവെന്ന വിശദീകരണവുമായി ഇൻഡിഗോ രംഗത്തെത്തുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡിജിസിഎ മൂന്നംഗ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും. എയർലൈൻ കമ്പനിയോട് റിപ്പോർട്ട് തേടുകയും ചെയ്തു.
സംഭവത്തിൽ ഇൻഡിഗോയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിസിഎ കണ്ടെത്തി. തുടർന്നാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്.
“ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതിൽ പോരായ്മയുണ്ടായി. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്തു,” ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രസ്താവനയിൽ പറയുന്നു.
കൂടുതൽ അനുകമ്പയോടെയുള്ള പെരുമാറ്റം ഉണ്ടായിരുന്നെങ്കിൽ കുട്ടി ശാന്തനാവുകയും മറ്റു യാത്രകരുടെ യാത്ര നിഷേധിക്കുന്ന തരത്തിലുള്ള അങ്ങേയറ്റത്തെ നടപടികളിൽ നിന്ന് ഒഴിവാവുകയും ചെയ്യാമായിരുന്നു, ഡിജിസിഎ ചൂണ്ടിക്കാട്ടി.
Also Read: മഹാത്മാഗാന്ധിയും സർദാർ പട്ടേലും സ്വപ്നം കണ്ട ഇന്ത്യയ്ക്കായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി