ന്യൂഡല്‍ഹി: സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോ കടക്കെണിയിലായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി സ്ഥിരീകരണം. മറ്റ് ആഭ്യന്തര-അന്താരാഷ്ട്ര എയര്‍ലൈനുകളും ഓഹരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബെ വ്യക്തമാക്കി.

52,000 കോടി രൂപയോളം കടമുളള ‘മഹാരാജ’ എന്ന് വിളിപ്പേരുളള എയര്‍ എന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രതികരിച്ചിരുന്നു. നീതി ആയോഗിന്റെ നിർദ്ദേശത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യക്ക് കൂടുതൽ സഹായധനം നൽകുന്നത് ഒഴിവാക്കാനാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം. എയര്‍ ഇന്ത്യയുടെ എത്ര ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാന കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട്​ പ്രാരംഭ ചർച്ചകൾ ടാറ്റ ​ഗ്രൂപ്പ്​ സർക്കാറുമായി ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ