ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനങ്ങൾ പിൻവലിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്റിഗോയുടേതടക്കം 47 വിമാനസർവ്വീസുകൾ റദ്ദാക്കി. 11 എയര്‍ബസ് എ-320 വിഭാഗത്തിലുളള പുതിയ നിയോ എഞ്ചിനുകളുളള വിമാനങ്ങള്‍ പിൻവലിക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടത്.

ഇന്‍ഡിഗോയുടെ എട്ട് വിമാനങ്ങളും ഗോ എയറിന്റെ മൂന്ന് വിമാനങ്ങളും ഇന്നലെ വ്യോമയാന വിഭാഗം നിരോധിച്ചിരുന്നു. അഹമ്മദാബാദില്‍ നിന്നും തിങ്കളാഴ്ച പറന്നുയർന്ന ഉടൻ ഇന്‍ഡിഗോ വിമാനത്തിന്റെ എ-320 നിയോ എഞ്ചിന്‍ തകരാറായിരുന്നു. ഇതേ തുടർന്ന് വിമാനം താഴെയിറക്കി.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പാറ്റ്ന, ശ്രീനഗർ, ഭുവനേശ്വർ, അമൃത്‌സർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലേക്കുളള വിമാനങ്ങളാണ് റദ്ദാക്കിയത്. 11 വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറ് കണക്കിന് യാത്രക്കാരാണ് രാജ്യത്താകമാനം വലഞ്ഞത്.

രാജ്യത്തെ ആഭ്യന്തര യാത്രക്കാരിൽ 40 ശതമാനവും ഇന്റിഗോയുടേതാണ്. ഏതാണ്ട് ആയിരത്തോളം സർവ്വീസുകളാണ് ദിവസവും ഇന്റിഗോ നടത്തുന്നത്. ഗോ എയറിലാണ് പത്ത് ശതമാനം യാത്രക്കാരുളളത്. ഇരു കമ്പനികളുടെയും പതിനൊന്ന് വിമാനങ്ങളാണ് ഇന്നലെ പിൻവലിക്കാൻ ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook