ന്യൂഡല്‍ഹി: സെപ്തംബര്‍ മാസത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.43 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകൾ പ്രകാരമാണിത്. ഗ്രാമീണ, നഗര മേഖലകളില്‍ തൊഴില്‍ പങ്കാളിത്തം വര്‍ധിച്ചതാണ് തൊഴിലില്ലായ്മ കുറയാന്‍ കാരണമായത്.
ഓഗസ്റ്റ് മാസം തൊഴിലില്ലായ്മ 8.3 ശതമാനമായി ഉയര്‍ന്നിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 7.68 ശതമാനത്തിൽ നിന്ന് 5.84 ശതമാനമായി കുറഞ്ഞു. അതേസമയം, നഗരങ്ങളിൽ ഇത് 9.57 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
തൊഴിൽ പങ്കാളിത്തത്തിൽ ഏകദേശം 8 ദശലക്ഷം വർധനവുണ്ടായത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പിടിഐയോട് പറഞ്ഞു.
തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് രാജസ്ഥാനിലാണ്, 23.8 ശതമാനം. ജമ്മു കശ്മീര്‍ (23.2), ഹരിയാന (22.9), ത്രിപുര (17), ഝാര്‍ഖണ്ഡ് (12.2), ബിഹാര്‍ (11.4) എന്നിവയാണ് പിന്നിലായുള്ള മറ്റ് സംസ്ഥാനങ്ങള്‍.
തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് ഛത്തിഗഢിലാണ്, 0.1 ശതമാനം. അസം (0.4), ഉത്തരാഖണ്ഡ് (0.5), മധ്യപ്രദേശ് (0.9), ഗുജറാത്ത് (1.6), മേഘാലയ (2.3), ഒഡിഷ (2.9), എന്നിവയാണ് കുറവുള്ള മറ്റ് സംസ്ഥാനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം പോയ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് തൊഴിലില്ലായ്മ നിരക്കെത്തിയത്. പ്രതികൂല കാലാവസ്ഥ ഗ്രാമീണ മേഖലയിലെ കൃഷികള്‍ക്ക് തിരിച്ചടിയായതായിരുന്നു നിരക്ക് ഉയരാനിടയാക്കിയ കാരണം.