തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നതിനിടെ ഇന്ത്യയും പാലസ്തീനും തമ്മിലുള്ള സൗഹൃദം ഓർമ്മിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. നിലവിലെ സാഹചര്യത്തിൽ ഇസ്രയേലുമായി സൗഹൃദം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം, പാലസ്തീൻ സൗഹൃദം ബലികഴിച്ച് ആവരുത് ആ ബന്ധം എന്നും പറഞ്ഞു.

“ഇസ്രയേലുമായുള്ള ഇന്ത്യയുടെ സൗഹൃദം വളരെ വിലപ്പെട്ടതും നിലനിർത്തേണ്ടതുമാണ്. അതേസമയം തന്നെ പാലസ്തീനുമായി ദീർഘകാലമായി തുടരുന്ന സൗഹൃദം ഇതിന് വേണ്ടി ബലികൊടുക്കരുത്” അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഏറെ പക്വതയുള്ള നിലവാരത്തിലേക്ക് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദം വളർന്നുവെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാലാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആദ്യമായി ഇസ്രയേൽ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തരവും വൈദേശികവുമായ എല്ലാ വിഷയങ്ങളും ഇസ്രയേൽ സന്ദർശനത്തിൽ ആ സർക്കാരുമായി പങ്കുവയ്ക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇസ്രയേലുമായുള്ള സൗഹൃദം കരുത്താർജിച്ചതിന് പിന്നിൽ മുൻ യുപിഎ സർക്കാരുകൾക്കും പങ്കുണ്ടെന്ന് പറഞ്ഞ ശശി തരൂർ ഇത് വളർത്തിയെടുക്കുന്നതിൽ എൻഡിഎ സർക്കാർ മികവു കാട്ടിയെന്നും അഭിപ്രായപ്പെട്ടു.

25 വർഷമായി ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഇസ്രയേൽ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളടകക്കം നിരവധി വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും.

ശാസ്ത്ര-സാങ്കേതിക രംഗത്തും, ബഹിരാകാശ പര്യവേഷണ രംഗത്തും, വികസന രംഗത്തും ഉള്ള വിവിധ കരാറുകളിൽ ഇരു രാഷ്ട്ര നേതാക്കളും കൂടിക്കാഴ്ചയിൽ ഒപ്പുവയ്ക്കും. ഇസ്രയേൽ പ്രസിഡന്റ് റൂവെൻ റിവ്ലിൻ, പ്രതിപക്ഷ നേതാവ് ഇസാക് ഹെർസോഗ് എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിനിടയിൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നത് വലിയ പ്രാധാന്യത്തോടെയാണ് ഇസ്രയേൽ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

“ഇത് ചരിത്ര പ്രധാന്യമുള്ള സന്ദർശനമാണ്. ഏഴ് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോലും ഇസ്രയേൽ സന്ദർശിച്ചില്ലെന്നിരിക്കെ ആദ്യമായി ഇത്തരമൊരു കാര്യം നടക്കുകയാണ്. ഇസ്രയേൽ സായുധരംഗത്തും, സാമ്പത്തിക രംഗത്തും നയതന്ത്ര രംഗത്തും എത്രത്തോളം ശക്തിയാർജിച്ചുവെന്നതിന്റെ അടയാളമാണിത്. ഇരു രാജ്യങ്ങൾക്കും ഇടയിലെ സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്”, ബെഞ്ചമിൻ നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ