ന്യൂഡല്‍ഹി: ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുസ്ലീങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Read More: ‘ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’; ഗോഡ്‌സെയെ വാഴ്ത്തിപ്പാടി കൂടുതല്‍ ബിജെപി നേതാക്കള്‍
രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ആസാമില്‍ വച്ച് മുസ്ലീം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ, നിങ്ങളെന്തിന് ഇവിടെ ബീഫ് വിറ്റു എന്ന് ചോദിച്ചാണ‌് അവർ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിനുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Read More: മോദിക്കെതിരെ ലേഖനം എഴുതിയത് ‘ഒരു പാക്കിസ്ഥാനി’; ടൈം മാഗസിനെതിരെ ബിജെപി
ആക്രമണം നേരിട്ട് ഒരു മാസത്തിന് ശേഷവും അലി നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ബിബിസി റിപ്പോര്‍ട്ടര്‍ അലിയെ നേരില്‍ കണ്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കപ്പെട്ട ദിവസം സംഭവിച്ച കാര്യങ്ങള്‍ ഭീതിയോടെയാണ് അലി ഓര്‍ക്കുന്നത്. അതിനെ കുറിച്ച് പറയുമ്പോള്‍ അലിയുടെ കണ്ണുകള്‍ നിറയുന്നുണ്ട്. വടി കൊണ്ട് തന്നെ അവര്‍ ആക്രമിച്ചതായും മുഖത്തടിച്ചതായും അലി പറഞ്ഞു. വര്‍ഷങ്ങളായി ചെറിയ ഫുഡ് കോര്‍ട്ടില്‍ അലിയും കുടുംബവും ബീഫ് വില്‍ക്കാറുണ്ട്. എന്നാല്‍, ഇതുവരെ ഇങ്ങനെയൊരു പ്രശ്‌നം നേരിട്ടിട്ടില്ല. പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്നതിനാല്‍ ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍പ്പന നിയമവിരുദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍, ആസാമില്‍ ഇത് നിയമവിധേയമാണെന്നും അലി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അലിക്കെതിരായ ആക്രമണം മുസ്ലീം കമ്യൂണിറ്റിക്കെതിരായ ആക്രമണങ്ങളിലെ പുതിയ ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: ബീഫ് വിറ്റെന്ന് ആരോപിച്ച് മുസ്‌ലിം വയോധികനെ കൊണ്ട് പന്നിയിറച്ചി തീറ്റിച്ചു
ഹ്യൂമൻ റൈറ്റ‌്സ‌് വാച്ച‌് 2019 ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുപ്രകാരം 2015 മെയ‌് മുതൽ 2018 ഡിസംബർ വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 44 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും ഇതിൽ 36 പേർ മുസ്ലിങ്ങളാണെന്നും പറയുന്നു. 20 സംസ്ഥാനത്തിലായി നടന്ന നൂറോളം ആക്രമണങ്ങളിൽ 280 പേർക്ക‌് പരിക്കേറ്റു. ഐക്യരാഷ‌്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷ‌്ലെറ്റ‌് അവരുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയും ദളിതുകൾക്കെതിരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Read More: രാജ്യത്ത് മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: ആള്‍ക്കൂട്ട കൊലയില്‍ ആഞ്ഞടിച്ച് ശശി തരൂര്‍
കത്വയിലെ എട്ട് വയസുകാരിക്കെതിരായ പീഡനത്തെ കുറിച്ചും അഖ്‍ലാഖ് വധത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കത്വയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ഹിന്ദുത്വയുടെ ഭാഗമായാണെന്നും പ്രതികളെ പിന്തുണച്ച് പരസ്യമായി രംഗത്തിറങ്ങിയ ബിജെപി മന്ത്രിമാരെ പാർട്ടി എതിർത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരിക്കൽ കൂടി ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ഇന്ത്യ ഒരു ഭൂരിപക്ഷ രാജ്യമായി മാറുമെന്ന ഭയവും മുസ്ലീങ്ങൾക്കിടയിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരോട് ഇന്ത്യ കാണിക്കുന്ന സമീപനം അതിന് തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിബിസി റിപ്പോർട്ട് പൂർണ രൂപം
രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെ നടന്ന ആക്രമങ്ങളെ വിവരിച്ചുകൊണ്ടാണ് ബിബിസിയുടെ റിപ്പോർട്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളെയും ലേഖനത്തിൽ ചോദ്യം ചെയ്യുന്നുണ്ട്.