ന്യൂഡല്‍ഹി: താന്‍ നടത്തിയ നിരവധി വിദേശ യാത്രകള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്തതായി പ്രധാന മന്ത്രി നരേന്ദ്രമോദി. തന്റെ വിദേശയാത്രകൊണ്ടാണ് ഇന്ത്യയുടെ പ്രാധാന്യം വർദ്ധിച്ചതെന്ന് മോദി പറഞ്ഞു. അഞ്ച് വർഷം മുൻപ് ഇന്ത്യയെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 20-25 സീറ്റുകളിൽ മാത്രം മത്സരിക്കുന്ന പാർട്ടികളുടെ നേതാക്കൾക്ക് പോലും പ്രധാനമന്ത്രിയാകണമെന്ന മോഹമാണെന്ന് മോദി വിമർശിച്ചു. ആദ്യ മൂന്ന് ഘട്ട പോളിംഗ് പൂർത്തിയായപ്പോൾ വെസ്റ്റ് ബംഗാളിൽ മമതയുടെ രാഷ്ട്രീയം അവസാനിക്കുകയാണെന്ന് മോദി പറഞ്ഞു.
അധികാരത്തിലെത്തിയ ശേഷം നടത്തിയ വിദേശയാത്രകളുടെ പേരിലുള്ള ആരോപണങ്ങൾക്കെതിരെ നരേന്ദ്രമോദി ഇതു വരെ പ്രതികരിച്ചിരുന്നില്ല. മോദിയുടെ വിദേശയാത്രയ്ക്ക് ചെലവായ തുക വളരെ കൂടുതലാണെന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.