ന്യൂഡൽഹി: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ മൊത്തം ആഭ്യന്തര ഉൽ‌പാദനം, ജൂൺ മുതൽ തുടങ്ങുന്ന രണ്ടാം പാദത്തിൽ 45% ചുരുങ്ങുമെന്ന് ആഗോള നിക്ഷേപക ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. മേയ് 17 ലെ ഒരു കുറിപ്പിൽ, ഗോൾഡ്മാൻ സാക്സിന്റെ സാമ്പത്തിക വിദഗ്ധരായ പ്രാചി മിശ്രയും ആൻഡ്രൂ ടിൽട്ടണും പ്രവചിച്ചത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രണ്ടാം പാദത്തിൽ വാർഷിക 45 ശതമാനം ചുരുങ്ങുമെന്നാണ്.

ഇന്ത്യയുടെ ജിഡിപിയിലുണ്ടാകുന്ന ഇടിവ് ഗോൾഡ്മാൻ സാക്സ് നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തേത്. 20 ശതമാനം ഇടിവായിരുന്നു നേരത്തെയുള്ള പ്രവചനം. അതേസമയം, മൂന്നാം പാദത്തില്‍ 20% തിരിച്ചുവരവ് നടത്തുമെന്നും വിലയിരുത്തുന്നുണ്ട്. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി അഞ്ച് ശതമാനം കുറയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണെന്നും ഇവർ പറയുന്നു. ഇന്ത്യ മുമ്പ് കണ്ട സാമ്പത്തികമാന്ദ്യത്തേക്കാള്‍ കഠിനമായിരിക്കും ഇതെന്നും പറയുന്നു.

Read More: സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ അനുമതി, പരിശീലനം ആരംഭിക്കാന്‍ സാധ്യത

രാജ്യം നാലാം ഘട്ട ലോക്ക്ഡൗണിലേക്ക്‌ പ്രവേശിക്കുമ്പോൾ കൂടുതൽ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വ്യോമയാന ഗതാഗതം, ട്രാവൽ ആൻഡ് ടൂറിസം മേഖല എന്നിവ പുനരാരംഭിക്കാൻ അനുമതിയില്ല. ഇത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

ഗോൾഡ്മാൻ സാക്സ് സാമ്പത്തിക വിദഗ്ധർ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലും (14%) അടുത്ത വർഷത്തെ ആദ്യ പാദത്തിലുമുളള (6.5%) തങ്ങളുടെ പ്രവചനങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, പ്രതിസന്ധി നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഉത്തേജനം പര്യാപ്തമല്ലെന്നാണ് പറയുന്നത്.

ദുരിതബാധിത വ്യവസായങ്ങൾക്കും പൗരന്മാർക്കുമായി 20 ലക്ഷം കോടി രൂപയുടെ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് അടിയന്തര പിന്തുണ നൽകാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിശദീകരിച്ചു.

“കഴിഞ്ഞ ഏതാനും നാളുകളായി നിരവധി മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ കൂടുതലും ഇടത്തരം സ്വഭാവമുള്ളവയാണ്, അതിനാല്‍ ഇവ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഉടനടി സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല,” സാമ്പത്തിക ശാസ്ത്രജ്ഞര്‍ കുറിപ്പില്‍ വ്യക്തമാക്കി.

ലോക്ക്ഡൗൺ നീട്ടലും, തൊഴിൽ മേഖലയിലെ പ്രതിസന്ധികളുമെല്ലാം വിലയിരുത്തിയാണ് പുതിയ പ്രവചനമെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു. വ്യവസായങ്ങളിൽ കോവിഡിന്റെ ആഘാതം കുറയ്ക്കുന്നതിന് “വിവേചനാധികാര ധനനയ പിന്തുണ” നൽകണമെന്നും ഗോൾഡ്മാൻ സാക്സ് സാമ്പത്തിക വിദഗ്ധർ സർക്കാരിനെ ഉപദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook