ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍രാജ്യത്തെ ഉത്പാദന വളര്‍ച്ച 4.7 ശതമാനം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5.6 ശതമാനമായിരുന്നു വളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

മൂന്നാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുമുമ്പത്തെ പാദത്തില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ച. എന്നാല്‍ കൊറോണ വൈറസ് ബാധ ആഗോള സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം അവസാന പാദത്തില്‍ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പതു മാസത്തില്‍ 5.1 ശതമാനമാണു ജിഡിപി വളര്‍ച്ച. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6.3 ശതമാനമായിരുന്നു വളര്‍ച്ച.

ഗ്രാമങ്ങളിലെ ആവശ്യകത, സ്വകാര്യ ഉപഭോഗം, സര്‍ക്കാരിന്റെ ചെലവ് എന്നിവ ചെറിയ തോതില്‍ വര്‍ധിച്ചതാണ് മൂന്നാം പാദത്തില്‍ ഗുണകരമായത്. ഇതുമൂലമാണ് ഡിസംബര്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിനുള്ള ചില സൂചനകള്‍ കാണിച്ചതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫൈനാന്‍സ് ആന്‍ഡ് പോളിസി (എന്‍ഐപിഎഫ്പി)യിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ എന്‍ആര്‍ ഭാനുമൂര്‍ത്തി പറഞ്ഞു. എന്നാല്‍ നിലവിലെ പാദത്തില്‍ 4.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഓഹരി വിപണിയില്‍ ഇന്ന് നിക്ഷേപകര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം കോടി രൂപ

2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണ് എന്‍എസ്ഒ പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നതും അഞ്ചു ശതമാനം വളര്‍ച്ചയാണ്.
ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് വാര്‍ഷിക ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്രം ആറ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതും കഴിഞ്ഞ സെപ്തംബറില്‍ കോര്‍പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതും കാരണം പതിയെ വളര്‍ച്ച വര്‍ധിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ ചൈനയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ വരവിനെ ബാധിക്കും. ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 7.59 ശതമാനമായത് മൂലം ആര്‍ബിഐ പലിശ നിരക്കില്‍ വ്യതിയാനം വരുത്താന്‍ സാധ്യതയില്ലെന്നതും കരിനിഴല്‍ വീഴ്ത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook