ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ നടപടി ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ അഭ്യന്തര ഉൽപാദന വളർച്ച നിരക്ക് 7 ശതമാനമായി കുറഞ്ഞു. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്.
രണ്ടാം പാദത്തിൽ 7.4 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച നിരക്ക്. എന്നാൽ ഒക്ടോബർ- ഡിസംബർ പാദത്തിൽ ഇത് ഏഴ് ശതമാനമായി കുറഞ്ഞു. നോട്ട് അസാധുവാക്കൽ കാരണം ജിഡിപി വളർച്ച 6.1 ശതമാനം വരെ കുറയുമെന്ന് നേരത്തെ റിസർവ് ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു. എന്നാൽ അത്രയും മോശം സ്ഥിതി സമ്പദ്വ്യവസ്ഥക്ക് ഉണ്ടായില്ല. നടപ്പ് സാമ്പത്തിക വർഷം 7.1% സാമ്പത്തിക വളർച്ചയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പൊതുഭരണം, പ്രതിരോധം, വ്യാപാരം, ഗതാഗതം, ഹോട്ടൽ വ്യവസായം, വാർത്ത വിനിമയം എന്നീ മേഖലകളിലെല്ലാം എഴ് ശതമാനം വളർച്ച രേഖപ്പെടുത്തി. മൽസ്യബന്ധനം, ഖനനം, വൈദ്യൂതി, ഗ്യാസ്, കെട്ടിട നിർമാണം എന്നീ മേഖലകളിൽ 1.3 മുതൽ 6.5 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയത്.