ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ച ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ(ജൂലൈ-സെപ്റ്റംബര്‍)ത്തില്‍ 4.5 ശതമാനമാണു വളര്‍ച്ചാ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്(എന്‍എസ്ഒ) പുറത്തുവിട്ടകണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജിഡിപി വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദമാണു കുറയുന്നത്. 2013 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 2013 ജനുവരി-മാര്‍ച്ച് പാദത്തില്‍ 4.3 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനമൊയിരുന്നു ജിഡിപി വളര്‍ച്ച. 25 പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച സ്ഥിരത കൈവരിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ ഇതിനു വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഇത്തവണ 4.2 മുതല്‍ 4.9 ശതമാനം വരെയാണു വിവിധ റേറ്റിങ് ഏജന്‍സികളും ധനകാര്യ സ്ഥാപനങ്ങളും വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.2 മുതല്‍ 4.7 ശതമാനം വരെയായിരിക്കുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ നൊമുറ ഹോള്‍ഡിങ്‌സ് ഇന്‍ കോര്‍പറേറ്റഡ്, കാപിറ്റല്‍ ഇക്കണോമിക്സ് ലിമിറ്റഡ് എന്നിവയിലെ സാമ്പത്തിക വിദഗ്ധ സംഘം പ്രവച്ചിരുന്നു.

വളര്‍ച്ചാ നിരക്ക് കുറവായിരിക്കാമെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. രാജ്യസഭയിലായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വ് നല്‍കാന്‍ 32 നടപടികള്‍ സ്വീകരിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച കുറയുന്നതു മറികടക്കാനായി കോര്‍പറേറ്റ് നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഉത്തേജന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook