മുംബൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഐഎഎസ് ഓഫീസറും മലയാളിയുമായ അന്ന രാജം മല്‍ഹോത്ര അന്തരിച്ചു. 91 വയസായിരുന്നു. അന്ധേരിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരവും മുംബൈയിലായിരുന്നു.
ധനകാര്യ വകുപ്പ് സെക്രട്ടറിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറുമായിരുന്ന ആര്‍.എന്‍.മല്‍ഹോത്രയുടെ ഭാര്യയായിരുന്ന അന്ന 1927 ജൂലൈ 17ന് പത്തനംതിട്ട ജില്ലയിലെ നിരണത്ത് ഒ.എ.ജോര്‍ജിന്റേയും അന്ന പോളിന്റേയും മകളായി ജനിച്ചു.
കോഴിക്കോട്ടെ പ്രൊവിഡന്‍സ് കോളേജിലും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പിന്നീട് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1950ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത മാര്‍ക്കോടെ വിജയം നേടിയ അന്ന ഐഎഎസ് നേടിയ ആദ്യ വനിത, ആദ്യ വനിതാ സബ്കലക്ടര്‍, മദ്രാസ് സര്‍ക്കാരിന്റെ ആദ്യ വനിതാ സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത തുടങ്ങിയ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ്.
പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുമായി വളരെ അടുപ്പമുള്ള ഐഎഎസ് ഓഫീസറായിരുന്നു അന്ന. 1982ലെ ഏഷ്യാഡ് പദ്ധതിയില്‍ രാജീവ് ഗാന്ധിക്കൊപ്പം സഹകരിച്ചു.