scorecardresearch

കടലിനടിയിലൂടെ രാജ്യത്തെ ആദ്യ ഇരട്ട തുരങ്കങ്ങൾ; നവംബറിൽ തുറക്കും

തിരക്കുള്ള സമയങ്ങളിൽ ഗിർഗാവിൽ നിന്ന് വോർളിയിലേക്കുള്ള 45 മിനിറ്റ് യാത്രാ സമയം 10 മിനിറ്റായി ചുരുക്കാനാണ് അതിവേഗ തീരദേശ റോഡിലൂടെ ലക്ഷ്യമിടുന്നത്. പ്രദീപ് ആചാര്യ, സ്വീറ്റി അടിമുളം എന്നിവർ തയാറാക്കിയ റിപ്പോർട്ട്

Coastal Road Project, Mumbai tunnel, Mumbai Coastal Road Project, Mumbai news, Mumbai
മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമാണ് 2.07 കിലോമീറ്റർ വരുന്ന ഈ തുരങ്കങ്ങൾ

രണ്ടു വർഷത്തിലേറെയായി മുംബൈയിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ ഇരട്ട തുരങ്കങ്ങളുടെ പണി സമാപനത്തിലേക്ക്. 35 ജോലിക്കാരും ഒരു ചൈനീസ് ടണൽ ബോറിങ് മെഷീനുമാണ് തുരങ്കങ്ങളുടെ പ്രവർത്തനത്തിൽ ഉൾപ്പെട്ടത്.

നവംബറിൽ തുറക്കാനിരിക്കുന്ന തുരങ്കങ്ങൾ ഗിർഗോണിനടുത്തുനിന്നാണ് (മറൈൻ ഡ്രൈവിന് മുന്നിൽ) ആരംഭിക്കുന്നത്. വടക്ക് ഗിർഗാവ് ചൗപ്പട്ടി, മലബാർ ഹിൽ എന്നിവയിലേക്ക് അറബിക്കടലിനു അടിയിലൂടെ, വ്യാപിക്കുന്ന തുരങ്കം ബ്രീച്ച് കാൻഡിയിലെ പ്രിയദർശിനി പാർക്കിൽ എത്തി അവസാനിക്കുന്നു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർമ്മിക്കുന്ന 12,721 കോടി രൂപയുടെ മുംബൈ തീരദേശ റോഡ് പദ്ധതിയുടെ (എംസിആർപി) ഭാഗമാണ് 2.07 കിലോമീറ്റർ വരുന്ന തുരങ്കങ്ങൾ.

10.58 കിലോമീറ്റർ എംസിആർപി മറൈൻ ഡ്രൈവിനെ ബാന്ദ്ര-വർളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്നു. തീരദേശ റോഡ് പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിത്. തിരക്കുള്ള സമയങ്ങളിൽ ഗിർഗാവിൽ നിന്ന് വോർളിയിലേക്കുള്ള 45 മിനിറ്റ് യാത്രാ സമയം വെറും 10 മിനിറ്റായി ചുരുക്കാനാണ് അതിവേഗ തീരദേശ റോഡിലൂടെ ലക്ഷ്യമിടുന്നത്.

12.19 മീറ്റർ വ്യാസമുള്ള തുരങ്കങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 17-20 മീറ്റർ താഴെയാണ്. ഏകദേശം ഒരു കിലോമീറ്റോളം നീളം കടലിനടിയിലുമാണ്. മലബാർ ഹില്ലിലാണ് തുരങ്കങ്ങൾ ഏറ്റവും ആഴത്തിലെത്തുന്നത്, 72 മീറ്റർ. ക്വീൻസ് നെക്ലേസിന്റെ ആകൃതിയപടെ സാമ്യത്തിൽ (പ്രശസ്തമായ സി-ആകൃതിയിലുള്ള മറൈൻ ഡ്രൈവ് പ്രൊമെനേഡ്) ടണൽ എൻട്രി, എക്സിറ്റ് പോയിന്റുകളുടെ മുൻഭാഗം ഫൈബർഗ്ലാസിലായിരിക്കും.

തുരങ്കത്തിനുള്ളിൽ ആറ് ക്രോസ് പാസേജുകൾ ഉണ്ടാകും. നാലെണ്ണം കാൽനടയാത്രക്കാർക്കും രണ്ടെണ്ണം വാഹനങ്ങൾക്കും. ഓരോ തുരങ്കത്തിനും 3.2 മീറ്റർ വീതമുള്ള മൂന്നു പാതകളുണ്ട്, സീനിയർ ടണൽ എഞ്ചിനീയർ നംകാക് ചോ പറയുന്നു. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള യൂഷിൻ എഞ്ചിനീയറിങ് കമ്പനിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായ (പിഎംസി) നംകാക് ചോ. ഓരോ തുരങ്കത്തിലും രണ്ടു പാതകൾ പ്രവർത്തനക്ഷമമാകുമെന്നും മൂന്നാമത്തേത് അടിയന്തിര സാഹചര്യങ്ങളിലോ വാഹന സാന്ദ്രത വർധിക്കുമ്പോഴോ ഉപയോഗിക്കുമെന്നും നംകാക് ചോ പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഉപയോഗിച്ചതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കോലി, കുൻബി സമുദായത്തിൽപ്പെട്ട ശിവാജിയുടെ യുദ്ധവിദഗ്‌ദ്ധരുടെ ബഹുമാനാർത്ഥം മാവാല എന്ന് പേരിട്ടിരിക്കുന്ന ടിബിഎമ്മിന് 1,700 ടണ്ണിലധികം ഭാരവും ഏകദേശം 12 മീറ്റർ ഉയരവുമുണ്ട്. 2021 ജനുവരിയിൽ ജോലികൾ ആരംഭിച്ചപ്പോൾ, ടിബിഎം അസംബിൾ ചെയ്യുന്നതിനും ലോഞ്ച് ചെയ്യുന്നതിനുമുള്ള ജോലികൾ ഒരു വർഷം മുൻപേ ആരംഭിച്ചു. ചൈന റെയിൽവേ കൺസ്ട്രക്ഷൻ ഹെവി ഇൻഡസ്ട്രി കമ്പനി ലിമിറ്റഡ്(CRCHI)നിർമ്മിച്ച, മാവാലയെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

“ടിബി‌എമ്മിന്റെ ആദ്യ വിഭാഗം ഉയർന്ന പവർ സ്‌പോക്കുകളുള്ള കട്ടർഹെഡാണ്. രണ്ടാമത്തേതിൽ അവശിഷ്ടങ്ങളും പാറകളും ശേഖരിക്കുന്ന ഒരു അറയായി പ്രവർത്തിക്കുന്നു. മൂന്നാമത്തേത് മാവലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കൺട്രോൾ റൂമാണ്. മുഴുവൻ പ്രവർത്തനവും അവിടെ നിന്നാണ് നിയന്ത്രിക്കുന്നത്,” എം‌സി‌ആർ‌പി ചീഫ് എഞ്ചിനീയർ മന്തയ്യ സ്വാമി പറഞ്ഞു.

2020 ഏപ്രിലിൽ ഷാങ്ഹായിൽ നിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് മാവാല എത്തി. പല ഭാഗങ്ങളായി എത്തിച്ച ടിബിഎം പ്രിയദർശിനി പാർക്കിലേക്ക് മാറ്റാൻ പതിനേഴു ട്രക്കുകൾ ഉപയോഗിച്ചിരുന്നു. ഇത് കൂട്ടിച്ചേർക്കാൻ ഏകദേശം മൂന്ന് മാസമെടുത്തതായി സിവിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

മാവാല പ്രതിദിനം 7-8 മീറ്റർ ഖനനം ചെയ്യുമെന്ന് നംകാക് ചോ പറഞ്ഞു. “സാധാരണ തുരങ്കത്തിനായി കുഴിക്കുമ്പോൾ, ഒരാൾക്ക് പ്രതിദിനം പരമാവധി അഞ്ച് മീറ്റർ ഖനനം ചെയ്യാൻ കഴിയും. എന്നിരുന്നാലും, പ്രതിദിനം എട്ട് മീറ്റർ വരെ കുഴിക്കാൻ മാവാലയ്ക്ക് കഴിഞ്ഞു. ചില ദിവസങ്ങളിൽ ഞങ്ങൾ 20 മീറ്റർ എത്തുമായിരുന്നു, പ്രദേശത്തിന്റെ ഭൂഗർഭശാസ്ത്രം സഹായകരമായി,” നംകാക് ചോ പറയുന്നു.

ഒരു വർഷം നീണ്ട ഖനന പ്രവർത്തനങ്ങൾക്ക് ശേഷം, 2022 ജനുവരിയിൽ ഗിർഗാവിന്റെ അറ്റത്തുനിന്നു മാവാല അതിന്റെ ആദ്യ മുന്നേറ്റം ആരംഭിച്ചു. “ ഈ തുടക്കത്തിനുശേഷം ടിബിഎം പുറത്തെടുത്ത് വിവിധ ഭാഗങ്ങളാക്കാനും അതിനുശേഷം പ്രിയദർശിനി പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി വീണ്ടും യോജിപ്പിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്. ഇതിന് ഏകദേശം മൂന്നു ആറ് മാസം സമയമെടുക്കും. അതിനാൽ ടർടേബിൾ ഉപയോഗിച്ച് അത് തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു, ”മന്തയ്യ പറഞ്ഞു.

2022 ഏപ്രിലിൽ രണ്ടാമത്തെ തുരങ്കത്തിന്റെ ജോലികൾ ആരംഭിച്ചു. 140 മീറ്റർ ഖനന ജോലികൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ, മെയ് അവസാനത്തോടെ മുന്നേറ്റം കൈവരിക്കാനാകുമെന്ന് ബിഎംസി പ്രതീക്ഷിക്കുന്നു.

വെല്ലുവിളികൾ

ലോക്ക്ഡൗണും ചൈനയുമായുള്ള ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങളും ഉൾപ്പെടെ പല വെല്ലുവിളികളും ടീം നേരിട്ടു. ടിബിഎം എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് എഞ്ചിനീയർമാരെ പരിശീലിപ്പിക്കാൻ മുംബൈ സൈറ്റ് സന്ദർശിക്കേണ്ടിയിരുന്ന ചൈനയിൽ നിന്നുള്ള എഞ്ചിനീയർമാരുടെ വരവ് പകർച്ചവ്യാധിയും ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷവും കാരണം വൈകിയിരുന്നു. ഒരു വർഷത്തിനുശേഷമാണ് ചൈനീസ് എഞ്ചിനീയർമാർ എത്തിയത്.

“ആദ്യ 500 മീറ്റർ റീച്ചിലേക്ക് ഇന്ത്യൻ എഞ്ചിനീയർമാരെ പരിശീലിപ്പിക്കാൻ ടിബിഎമ്മുമായി ചൈനയിൽ നിന്നുള്ള എഞ്ചിനീയർമാർ എത്തേണ്ടതായിരുന്നു. എന്നാൽ, അവർക്ക് ഇന്ത്യയിലേക്ക് വരാൻ കഴിഞ്ഞില്ല. അതിനാൽ ആദ്യ 400 മീറ്റർ സ്വയം ഖനനം ചെയ്യുകയായിരുന്നു ചെയ്തു,” നംകാക് ചോ പറഞ്ഞു.

പ്രിയദർശിനി പാർക്കിൽ നിന്ന് ഏകദേശം 8 മീറ്റർ ഖനനം പൂർത്തിയാക്കിയപ്പോൾ, ഞങ്ങൾക്ക് മുകളിലുള്ള കടൽത്തീരം തകർച്ചയുടെ വക്കിലാണെന്ന് തിരിച്ചറിഞ്ഞതായി മന്തയ്യ പറഞ്ഞു. ഉടൻ തന്നെ സ്‌ലറി സ്‌പ്രേ ചെയ്‌ത് അത് അടച്ചു.

മലബാർ ഹില്ലിന് കീഴിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മലബാർ ഹിൽ ജലസംഭരണിക്ക് സമീപത്തൂടെയാണ് തുരങ്കം പോകുന്നതായിരുന്നു മറ്റൊരു പ്രശ്നം. ദക്ഷിണ മുംബൈയിലെ പ്രാഥമിക ജലസ്രോതസ്സാണ് ഈ റിസർവോയർ. ഒരു ചെറിയ വിള്ളൽ പോലും സബർബൻ മുംബൈയിലേക്കുള്ള ജലവിതരണത്തെ ബാധിക്കും.

ഫെബ്രുവരിയിൽ ഒരു ബെയറിങ് സീൽ തകരാറിലായതായിരുന്നു (ടിബിഎമ്മിൽ നിന്നുള്ള റബ്ബർ മെറ്റീരിയൽ) ടീമിന് ഏറ്റവും വലിയ തടസ്സം.
ബാഹ്യ വസ്തുക്കൾ ഗിയർബോക്സിൽ പ്രവേശിക്കുന്നതിൽ നിന്നു തടയുന്നത്
ബെയറിങ് സീലാണ്. തകരാർ കാരണം മൂന്നു മാസത്തോളം പദ്ധതി നിലച്ചു. “നിയമങ്ങൾ അനുസരിച്ച്, യന്ത്രത്തിന്റെ സ്പെയർ പാർട്സ് സൈറ്റിൽ അല്ലെങ്കിൽ 24 മണിക്കൂറിൽ കൂടുതൽ അകലെയല്ലാത്ത ദൂരത്തിൽ സൂക്ഷിക്കണം. ഈ തകരാർ അപ്രതീക്ഷിതമായിരുന്നതിനാൽ ഞങ്ങൾക്ക് സ്പെയർ ഉണ്ടായിരുന്നില്ല,” ഖനനം താൽക്കാലികമായി നിർത്തിയില്ലായിരുന്നുവെങ്കിൽ ടിബിഎം തകരാറിലാകുമായിരുന്നെന്ന് നംകാക് ചോ പറഞ്ഞു.

“ഞങ്ങൾക്ക് ഇറ്റലിയിൽ നിന്ന് ബെയറിങ് സീൽ ഇറക്കുമതി ചെയ്യേണ്ടിവന്നു. ഇൻസ്റ്റാലേഷനുശേഷം ഏപ്രിൽ മുതൽ പരീക്ഷണം പുനരാരംഭിച്ചു,” നംകാക് ചോ കൂട്ടിച്ചേർത്തു. 93 ശതമാനം ടണൽ ജോലികളും പൂർത്തിയായതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ അശ്വിനി ഭിഡെ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indias first undersea tunnels to open in november