പനാജി: ഗോവയിലെ ആദ്യ സെക്സ് ടോയ് ഷോപ്പ് തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ അധികൃതർ പൂട്ടിച്ചു. ഗോവയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കലൻഗുത് ബീച്ചിനു സമീപം, വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നു പ്രവർത്തനം തുടങ്ങിയ ഷോപ്പിനെതിരെ ബുധനാഴ്ചയാണ് പ്രാദേശിക പഞ്ചായത്ത് നടപടിയെടുത്തത്.
ലൈസൻസ് ഇല്ലാത്തതിനാലും ആളുകൾ സ്റ്റോറിനെക്കുറിച്ച് പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിനാലും പ്രവർത്തനം അവസാനിപ്പിക്കാൻ കട ഉടമകളോട് പഞ്ചായത്ത് ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഷോപ്പിന്റെ ബോർഡുകൾ ഉൾപ്പെടെയുള്ള സൂചകങ്ങൾ നീക്കം ചെയ്തു.
ഷോപ്പിനെക്കുറിച്ച് സ്ത്രീ- പുരുഷ ഭേദമെന്യേ വാക്കാലുള്ള നിരവധി പരാതികൾ ലഭിച്ചതായും കടയ്ക്ക് വ്യാപാര ലൈസൻസ് നൽകിയിരുന്നില്ലെന്നും കലൻഗുത് പഞ്ചായത്ത് മുഖ്യൻ ദിനേഷ് സിമെപുരുസ്കാർ പറഞ്ഞു. ഷോപ്പിനെക്കുറിച്ച് നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു.
കാമകാർട്ട്, ഗിസ്‌മോസ് വല്ല എന്നിവരുടെ പങ്കാളിത്തത്തിലാണ് കാമ ഗിസ്‌മോസ് എന്ന സെക്സ് ടോയ് ഷോപ്പ് ആരംഭിച്ചത്. ദക്ഷിണേന്ത്യയിൽ കാമകാർട്ട് സെക്സ് വെൽനസ് സ്റ്റോറുകളുടെ ശൃംഖല നടത്തുന്നുണ്ടെങ്കിലും മുംബൈയിൽ നിന്നുള്ള ഒരു ഓൺലൈൻ സെക്സ് ടോയ് സ്റ്റോറാണ് ഗിസ്‌മോസ് വല്ല.
“ഞങ്ങളുടെ ട്രേഡ് ലൈസൻസ് അപേക്ഷ നടപടി ക്രമങ്ങളിലാണ്, പക്ഷേ സ്റ്റോർ തുറക്കാമെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ലൈസൻസ് നൽകുമെന്നും പഞ്ചായത്തിനോടൊപ്പം പ്രവർത്തിക്കുന്ന ആളുകൾ ഞങ്ങളെ ഉപദേശിച്ചു. കുറച്ച് ദിവസത്തേക്ക് കട തുറക്കരുതെന്ന് ശനിയാഴ്ച (മാർച്ച് 13), പഞ്ചായത്ത് നിർദേശിച്ചതിനാൽ ഞങ്ങൾ അടച്ചിരുന്നു. പ്രാദേശിക അധികൃതരുടെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ഞങ്ങൾ. ഞങ്ങൾ ഗോവയിൽ നിന്നുള്ളവരല്ല, പുറത്തുനിന്നുള്ളവരായതിനാൽ ഞങ്ങളെ ലക്ഷ്യമിടുന്നത് എളുപ്പമാണ്,” കാമാകാർട്ട് ചീഫ് എക്സിക്യൂട്ടീവ് പ്രവീൺ ഗണേശൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഷോപ്പിൽ നഗ്നത വെളിവാക്കുന്നതെന്നും പ്രദർശിപ്പിച്ചിരുന്നില്ല. നിയമപരമായി സാധുതയുള്ള ഉത്പന്നങ്ങളാണ് തങ്ങൾ വിറ്റിരുന്നത്. ഉത്പന്നങ്ങൾ സ്തീ-പുരുഷ ഭേദമെന്യേ ആളുകളെ ആകർഷിച്ചിരുന്നു. ഷോപ്പ് പൂട്ടിയശേഷവും ഉത്പന്നങ്ങൾക്കായി ആവശ്യക്കാർ വിളിക്കുന്നുണ്ട്. ഗോവയിൽ ഷോപ്പിന്റെ പ്രർത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിലധികം ഓൺലൈൻ സ്റ്റോറുകൾ നിലവിലുണ്ടെങ്കിലും രാജ്യത്തെ ആദ്യത്തെ നിയമപരമായ സ്റ്റോറായിരുന്നു ഇത്. റിപ്പോർട്ടുകൾ പ്രകാരം, ലോക്ക്ഡൌൺ സമയത്ത് ഇന്ത്യയിൽ സെക്സ് ടോയ് വിൽപ്പന ഉയർന്നു. ഓൺലൈൻ സ്റ്റോറുകളിൽ വിൽപ്പനയിൽ 65 ശതമാനം വർധനയുണ്ടായി.