ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം. ഇതോടെ ഇന്ത്യയില്‍നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറി. 2020-ല്‍ തുറന്ന ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കും.
വിക്രം- എസിന്റെ വിക്ഷേപണം ഉപ ഭ്രമണപഥത്തിലായിരിക്കും, വാഹനം ഓര്‍ബിറ്റല്‍ ഗതിയെക്കാള്‍ കുറഞ്ഞ വേഗതിലായിരിക്കും സഞ്ചരിക്കുക. ഇതിനര്‍ത്ഥം വാഹനം ബഹിരാകാശത്ത് എത്തുമ്പോള്‍, അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തില്‍ വീണ്ടും സഞ്ചരിക്കില്ലെന്നാണ്. സ്‌കൈറൂട്ട് വികസിപ്പിച്ച വിക്രം സീരീസ് റോക്കറ്റുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രധാന ഘടനയുള്ള ലോകത്തിലെ ചുരുക്കം വിക്ഷേപണ വാഹനങ്ങളില്‍ ഒന്നാണ് ഈ റോക്കറ്റുകള്‍.
വിക്ഷേപണ വാഹനത്തില്‍ സ്പിന്‍ സ്ഥിരതയ്ക്കായി ഉപയോഗിക്കുന്ന ത്രസ്റ്ററുകള്‍ 3ഡി പ്രിന്റ് ചെയ്തതാണ്. വിക്ഷേപണ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന എൻജിന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. വിക്രം-എസിന്റെ പറക്കലില്‍ കമ്പനി നിരീക്ഷിക്കുന്ന പ്രധാന മേഖലകളിലൊന്നായിരിക്കും ‘കലാം-80’ ന്റെ പ്രകടനം.
”ഞങ്ങളുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ക്കായി കാര്‍ബണ്‍ സംയോജനം, 3 ഡി പ്രിന്റിങ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്‌കൈറൂട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വ്യവസായത്തില്‍ അവ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോവിഡ് -19 കാരണവും മറ്റ് ഘടകങ്ങളും തടസ്സപ്പെടുത്തിയ വിക്ഷേപണം തികച്ചും വെല്ലുവിളി നിറഞ്ഞതാണ്,” സ്‌കൈറൂട്ട് ഒരു ഇ-മെയിലില്‍ പറഞ്ഞു.
2018-ല്‍ സ്ഥാപിതമായ സ്‌കൈറൂട്ട് നൂതന സംയോജിത, 3ഡി പ്രിന്റിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ച ക്രയോജനിക്, ഹൈപ്പര്‍ ഗോളിക്-ലിക്വിഡ്, ഖര ഇന്ധനം അടിസ്ഥാനമാക്കിയുള്ള റോക്കറ്റ് എൻജിനുകള്‍ വിജയകരമായി നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.