ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് കാണും. ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് ജാദവിനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകുക. സ്വതന്ത്രമായി കുല്‍ഭൂഷണനോട് സംസാരിക്കാനുള്ള അവസരം പാക്കിസ്ഥാന് ഒരുക്കി തരുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം പ്രതികരിച്ചു.
കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം നല്കാന് പാക്കിസ്ഥാന് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ തീരുമാനം. ഞായറാഴ്ചയാണ് പാക്കിസ്ഥാന് ഇക്കാര്യം അറിയിച്ചത്. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുണ്ട്.
Read Also: ഇങ്ങനെയും ചില ആചാരങ്ങള്‍; കല്ലേറുത്സവത്തില്‍ 400 പേര്‍ക്ക് പരുക്ക്
നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്ഭൂഷണ് ജാദവിനെ കാണാന്‍ അവസരം വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം പാക്കിസ്ഥാന് തള്ളുകയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നേരത്തെ തന്നെ അന്താരാഷ്ട്ര കോടതി തടഞ്ഞിരുന്നു. കുല്ഭൂഷന് നയതന്ത്ര സഹായം നല്കാന് കോടതി നിർദ്ദേശിക്കുകയായിരുന്നു. പാക് സെെനിക കോടതിയുടെ വിധി പുനപരിശോധിക്കാനും നിർദ്ദേശം നൽകി.
കുല്‍ഭൂഷന്റെ അവകാശങ്ങളെ പാക്കിസ്ഥാന് നിഷേധിച്ചെന്നും ഇന്ത്യ കുല്‍ഭൂഷനുമായി ബന്ധപ്പെടുന്നത് തടഞ്ഞെന്നും കോടതി. ഇതിലൂടെ പാക്കിസ്ഥാന് വിയന്ന ഉടമ്പടി ലംഘിച്ചെന്നും രാജ്യാന്തര നീതിന്യായ കോടതി.ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധി പ്രസ്താവം വായിച്ചത്.
വധശിക്ഷക്കു വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതിയാണ് വിധി പറഞ്ഞത്. കുല്ഭൂഷണ് ജാദവിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്കാന് കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ രാജ്യാന്തര കോടതിയില്‍ വാദിച്ചത്.
Read Also: ‘എനിക്ക് മരണത്തെ ഭയമില്ല’, പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവ്
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിലെ വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം മേയ് ആദ്യം വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. മേയ് മാസത്തിൽ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാക്കിസ്ഥാന് സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാക്കിസ്ഥാന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കവെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്യുകയായിരുന്നു.