ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ ‘ചായവില്‍പ്പനക്കാരന്‍’ എന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് വെട്ടിലായതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മൂഡി റേറ്റിംഗില്‍ ഇന്ത്യ കുതിപ്പ് നടത്തുകയും വ്യവസായ സൗഹൃദ രാജ്യമായി മാറുകയും ചെയ്തത് ഇതേ ചായവില്‍പ്പനക്കാരന്റെ ഭരണത്തിലാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. വികസനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്നത് കൊണ്ട് കോണ്‍ഗ്രസിന് മോദിയെ അംഗീകരിക്കാന്‍ പറ്റില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുവ ദേശ് എന്ന ഓണ്‍ലൈന്‍ മാഗസിനിലൂടെയാണ് മോദിയെ ചായക്കടക്കാരന്‍ ആക്കി യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചത്. പിന്നീട് ഇത് പിന്‍വലിച്ച മാപ്പ് പറഞ്ഞെങ്കിലും ബിജെപി അത് ആയുദ്ധമാക്കി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതാണ് ട്രോള്‍. തന്നെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തമാശകള്‍ നിങ്ങള്‍ കാണാറുണ്ടോയെന്ന് മോദി ചോദിക്കുന്നു. അപ്പോള്‍ ‘മെമെ’ എന്നല്ല ‘മീം’ എന്നാണു ഉച്ചരിക്കേണ്ടതെന്ന് ട്രംപ് തിരുത്തുന്നു. ഉടനെ നിങ്ങള്‍ ചായ വില്‍ക്കൂവെന്ന് തെരേസ മേ പറയുന്നതാണ് ട്രോളിലുള്ളത്.

എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ മാന്യത കൈവിടരുതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം നടന്നത്. എത്രയൊക്കെ പ്രകോപിപ്പിച്ചാലും അവഹേളനങ്ങളിലേക്ക് നീങ്ങരുതെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് ഇത് ആദ്യമായല്ല ഗുജറാത്തിലെ ജനങ്ങളെ കളിയാക്കുന്നതെന്നും സ്മൃതി പറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന അഖിലേഷ് യാദവ് മോദിയേയും അമിത് ഷായേയും കഴുതകളെന്ന് വിളിച്ച കാര്യം കേന്ദ്രമന്ത്രി സൂചിപ്പിച്ചു. വോട്ടെണ്ണല്‍ ദിനം ഗുജറാത്തിലെ ജനെങ്ങള്‍ നല്‍കുന്ന മറുപടി കോണ്‍ഗ്രസിന് മനസ്സിലാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ