ന്യഡൽഹി: കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യയിലെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. അമേരിക്കയ്ക്ക് ശേഷം കോവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
എങ്കിലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലുമടക്കം നിലവിൽ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
യുഎസില്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം വരെയാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വര്‍ധന. ബ്രസീലില്‍ ഇത് അരലക്ഷത്തോളമാണ്. യുകെ, ഇറ്റലി, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ 20000 ത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
സെപ്റ്റംബർ മധ്യത്തിലായിരുന്നു രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായത്. ഈ ഘട്ടത്തില്‍ പ്രതിദിനം 90,000 ത്തിന് മുകളിലായിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാജ്യത്ത് പിന്നീട് പുതിയ കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയായിരുന്നു. സെപ്റ്റംബര്‍ മൂന്നാംവാരത്തില്‍ 10 ലക്ഷത്തിലധികമായിരുന്നു സജീവമായ കേസുകളെങ്കില്‍ ഇപ്പോള്‍ അത് വെറും മൂന്ന് ലക്ഷം മാത്രമാണ്.
കോവിഡ് മരണങ്ങളുടെ എണ്ണത്തിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലത് 400-ല്‍ താഴെയാണ്. ഇതുവരെയായി 1.44 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിതരമായി മരിച്ചത്.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലെ ക്രമാനുഗതമായ കുറവ്, നീണ്ട ഉത്സവകാലം, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവയെ അതിജീവിച്ചുവെന്നതും ആളുകളുടെ ഒത്തുചേരലിനുമുള്ള നിയന്ത്രണങ്ങൾ ക്രമാനുഗതമായി നീക്കംചെയ്തതും ഏറ്റവും മോശം ഘട്ടം അവസാനിക്കുമെന്ന പ്രതീക്ഷ നൽകി.
അതേസമയം, കേസുകളുടെ എണ്ണത്തിലെ കുറവ് ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൌകര്യങ്ങളുടേയും മേലുള്ള സമ്മർദ്ദത്തിൽ അയവുവരുത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ 8,000 മുതൽ 10,000 വരെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ ആയിരത്തിൽ താഴെ കേസുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിനം അയ്യായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്.