ന്യൂഡൽഹി: രാജ്യാതിർത്തികൾ മുൻപത്തെക്കാളും സുരക്ഷിതമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മുൻ സർക്കാരിന്റെ സമയത്തെക്കാളും ഇന്ത്യയുടെ അതിർത്തികൾ ഇപ്പോൾ വളരെ സുരക്ഷിതമാണ്. ഈ സർക്കാർ അധികാരത്തിലേറിയതു മുതൽ അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കി. ഇന്ത്യൻ സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശികളായ ഒരാൾക്കും രാജ്യത്തേക്ക് കടക്കാനാവില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജയ്പൂരിൽ ‘മോദി ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിലൂടെ ഭീകരർക്ക് ശക്തമായ സന്ദേശമാണ് നൽകിയത്. പാക്കിസ്ഥാനെതിരെ ആദ്യം ബുളളറ്റ് പ്രയോഗിക്കരുത്. എന്നാൽ പാക്കിസ്ഥാൻ സൈന്യം ആദ്യം വെടിയുതിർത്താൽ തക്കതായ മറുപടി നൽകണമെന്ന് ബിഎസ്എഫ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചയ്ക്കായി പല പുതിയ പദ്ധതികളും സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സർക്കാരിന് എല്ലാവർക്കും ജോലി നൽകാനാവില്ല. പക്ഷേ അവരുടെ കഴിവുകളെ വികസിപ്പിക്കാനാവും. അതിലൂടെ അവർക്ക് സ്വന്തമായി സംരംഭം തുടങ്ങാൻ സാധിക്കും. സ്വയം തൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഒരു പുതിയ ഇന്ത്യയെയാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു കോടി കുടുംബങ്ങൾക്ക് എൽപിജി കണക്ഷനുകൾ നൽകുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. രണ്ടു കോടി കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ബാക്കിയുളളവർക്ക് 2019 ഓടെ നൽകുമെന്നും രാജ്നാഥ് അറിയിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് പല അഴിമതികളും ഉണ്ടായി. എന്നാൽ 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതിനുശേഷം ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook