ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ബ്രിട്ടന്‍, സ്വീഡന്‍ പര്യടനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. മോദി നോട്ട് വെല്‍ക്കം, മോദി ഫെിയില്‍ എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് ലണ്ടനിലെ ഇന്ത്യന്‍ വംശജര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. മോദിയെ ഭീകരനായും കൊലപാതകിയായും വിശേഷിപ്പിക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണു പ്രതിഷേധക്കാര്‍ ലണ്ടന്‍ നഗരത്തില്‍ അണിനിരക്കുന്നത്.

രാജ്യത്തെ പിടിച്ചു കുലുക്കിയ കത്തുവ, ഉന്നാവോ സംഭവങ്ങളിലും ഇന്ത്യയില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെയാണ് പ്രതിഷേധം. നൂറ് കണക്കിന് വരുന്ന, ലണ്ടനിലെ ഇന്ത്യന്‍ വംശജരാണ് പ്രതിഷേധവുമായി തെരിവിലിറങ്ങിയിരിക്കുന്നത്. പ്രതിഷേധം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. മൂന്ന് ദിവസമാണ് മോദി ബ്രിട്ടനിലുണ്ടാവുക. ഈ മൂന്ന് ദിവസവും പ്രതിഷേധം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

കത്തുവയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത ഫ്‌ളെക്‌സുകളും പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം. അതേസമയം, മോദിക്കു സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടന്‍ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനവും പ്രതിഷേധത്തിന്റെ ചൂട് വിളിച്ച് പറയുന്നതാണ്. സ്വീഡനിലെ സ്റ്റോക്കോമിലും കശ്മീര്‍ മോദിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രതിഷേധത്തില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ബ്രിട്ടീഷ് പൗരന്മാരും നേപ്പാള്‍ സ്വദേശികളും പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഈ പ്രതിഷേധാഗ്‌നിക്കു ശക്തികൂടുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ