ന്യൂഡൽഹി: സുഡാനിലെ സെറാമിക് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരുക്കേറ്റു. എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണു റിപ്പോർട്ട്.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലെ ബഹ്റി പ്രദേശത്തെ സീല സെറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ‘റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് കാര്യമായി പരുക്കേറ്റു’ എന്നാണ് ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പറയുന്നത്. എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഫാക്ടറിയിൽ ഇന്ത്യക്കാരായ 28 ജീവനക്കാരുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ സ്ഫോടനത്തിൽ പ്രദേശത്തുണ്ടായിരുന്ന മറ്റു ആളുകൾക്കും ഗുരുതരമായി പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് ഇന്ത്യക്കാർ ആശുപത്രിയിലുണ്ടെന്നാണ് റിപ്പോർട്ട്, ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസി തേടിയിട്ടുണ്ട്.
23 പേർ മരിച്ചുവെന്നും 130 പേർക്ക് പരുക്കേറ്റതായും സുഡാൻ സർക്കാർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. സ്ഫോടവസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.