മുംബൈ: യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ പുതിയ പദ്ധതിയുമായെത്തുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ അടുക്കളകളിൽ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ വഴി ഡൽഹിയിലെ ഐആർടിസിയുടെ ആസ്ഥാനത്തിരുന്ന് അടുക്കളയിലെ മുഴുവൻ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥർ നിരീക്ഷിക്കും. തുടക്കത്തിൽ മുംബൈയിലാണ് ഇത് നടപ്പിലാക്കുക.
ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയിലെ ഇന്ത്യന്‍ റെയില്‍വേയുടെ കൺട്രോൾ റൂമില്‍ നിന്നുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച റെയില്‍വേ ബോര്‍ഡിലെ അംഗമായ എം.ജംഷീദ് കൺട്രോൾ റൂം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. ട്രെയിനിലെ അടുക്കളകള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെൻസിന്റെ സഹായത്തോടെ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ കൺട്രോള് റൂമായിരിക്കുമിത്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ നിലവാരം വളരെ മോശമാണെന്ന കഴിഞ്ഞ ജൂലൈയിലെ ഓഡിറ്റ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്.
ഓരോ അടുക്കളയിലും എട്ടു ക്യാമറകള്‍ വീതമാണ് ഘടിപ്പിച്ചിരിക്കുന്നത്. ലൈവായി ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ക്യാമറകൾ വഴി നിരീക്ഷിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിലൂടെ പാറ്റയോ എലിയോ പോലുളള ജീവികളുടെ സാന്നിധ്യം അടുക്കളയിൽ തിരിച്ചറിഞ്ഞാല്‍ ചുവന്ന നിറത്തിലുള്ള തിരിച്ചറിയല്‍ സിഗ്നലും ലഭിക്കും.
“തുടക്കത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 16 അടുക്കളകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം തത്സമയം വീക്ഷിക്കാന്‍ സാധിക്കും. അടുക്കളയിലെ ഒരു പാചകക്കാരനോ തൊഴിലാളിയോ യുണിഫോമോ തൊപ്പിയോ ധരിക്കാതിരുന്നാലോ,ക്രമക്കേടുകള്‍ കണ്ടാലോ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് സംവിധാനം അത് കണ്ടുപിടിക്കുകയും ചുമതലപ്പെട്ട കരാറുകാരന് ഓട്ടോമാറ്റിക്കായി അറിയിപ്പ് കൊടുക്കുകയും ചെയ്യും. അത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പിന്നീടു ഇന്ത്യന്‍ റെയില്‍വേയുടെ അധികാരികള്‍ക്ക് കൈമാറും.”, ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.