തണുത്ത് വിറയ്ക്കുകയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. ഈ കൊടും തണുപ്പിനെ പുണരാൻ വിനോദ സഞ്ചാരികൾ ഈ മേഖലയിലേക്ക് ഓടിയെത്തുകയാണ്. അതിസാഹസീകമായ ഈ യാത്രയിൽ വിവിധ വെല്ലുവിളികളാണ് സാഞ്ചാരികളെ കാത്തിരിക്കുന്നത്. ഇന്നലെ രാത്രിയിൽ അരുൺചൽ പ്രദേശിലെ തവാങ്ങിൽ നടന്നതും ഇത്തരത്തിലൊരു സാഹസീക സംഭവമായിരുന്നു.

തവാങ്ങിലെ സേല പാസിൽവെച്ചാണ് സംഭവം. പ്രദേശത്തെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ എത്തിയ 680 ഓളം സഞ്ചാരികളാണ് വലിയൊരു അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞ് വീഴ്ചയാണ് സഞ്ചാരികളെ കുടുക്കിയത്. സേല പാസിൽ ഉണ്ടായ മഞ്ഞ് വീഴ്ചയിൽ റോഡുകൾ മൂടപ്പെട്ടു, കാഴ്ച പരിധിയും മങ്ങി.

സഞ്ചാരികൾ യാത്രചെയ്തിരുന്ന 320 ഓളം വാഹനങ്ങളും സേല പാസിൽ കുടുങ്ങിയിരുന്നു. എന്നാൽ മരണത്തെ മുഖാമുഖം കണ്ട സഞ്ചാരികളുടെ രക്ഷകരായി രാജ്യത്തിന്റെ കാവൽക്കാരായ സൈനീകർ എത്തി.

മേഖലയിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ വാഹനത്തിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. നടക്കാൻ സാധിക്കാത്തവരെ ചുമലിലേറ്റി സൈനീകർ വാഹനങ്ങളിലേക്ക് എത്തിച്ചു. കരസേനയുടെ മൂന്ന് പ്രത്യേക സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേത്രത്വം നൽകിയത്. വലിയൊരു അപകടത്തിൽ നിന്ന് നിരവധിപ്പേരെ രക്ഷിച്ച സേനാംഘങ്ങളെ അരുണാചൽ സർക്കാർ അഭിനന്ദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook