ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേശവ് ചന്ദ് രാജിവച്ചത്. 2018 മുതൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചുവരുകയായിരുന്നു കേശവ് ചന്ദ്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താന്‍ രാജിവെക്കുന്നതെന്ന് കേശവ് ചന്ദ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും കേശവ് ചന്ദ് എഴുതിയ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സംഘടനാചുമതലയും വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.
പുതിയ അധ്യക്ഷന്മാരെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐസിസിക്ക് പുറമെ യൂത്ത് കോൺഗ്രസിനും നിലവിൽ അധ്യക്ഷന്മാരില്ലാത്ത സ്ഥിതിയാണ്.