ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ട്രാവല്‍ ഏജന്റിന്റെ വഞ്ചന മൂലം കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്ന സുഖ്വന്ത് കൗര്‍ എന്ന 55കാരി നാളെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. ട്വിറ്ററിലാണ് സുഷമ ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സുഖ്വന്തിന്റെ ഭര്‍ത്താവ് കുല്‍വന്ത് സിംഗിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാണ് വിദേശകാര്യ മന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്.

മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിലാണ് തന്റെ ഭാര്യ ഗള്‍ഫിലേക്ക് പോയതെന്ന് ഇയാള്‍ പറയുന്നു. മെയ് 7ന് തന്നെ ഭാര്യ സൗദിയിലെ ഒരു ആശുപത്രിയില്‍ നിന്നും വിളിച്ചുവെന്നും ചതിക്കപ്പെട്ടതായി പറഞ്ഞെന്നും കുല്‍വന്ത് പറയുന്നു. ഒരു സൗദി പൗരന് ട്രാവല്‍ ഏജന്റ് സത്രീയെ വില്‍ക്കുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിലെ ജോലിക്കാരിയായി കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ജലന്ദര്‍ സ്വദേശിനിയായ കൗറിനെ ഡല്‍ഹിയില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്റാണ് സൗദിയിലേക്ക് കൊണ്ടുപോയത്.

ഇന്ത്യയില്‍ നിന്നും പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനെ കൗര്‍ ഫോണില്‍ വിളിച്ചത്. ഇതിന് പിന്നാലെ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. കൗറിനെ കുറിച്ച് പിന്നൊരു വിവരവും ലഭിച്ചില്ലെന്ന് കുല്‍വന്ത് പറയുന്നു. ട്രാവല്‍ ഏജന്റിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook