ഇസ്ലാമാബാദ്: പാക്ക് പൗരൻ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യൻ യുവതിക്ക് നാട്ടിലേക്ക് മടങ്ങാൻ പാക്ക് കോടതിയുടെ അനുമതി. ഇന്ത്യക്കാരിയായ ഉസ്മക്ക് മടങ്ങാൻ അനുമതി നൽകുന്നതോടൊപ്പം വാഗ അതിർത്തി വരെ ഇവർക്ക് സുരക്ഷയൊരുക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടതായും പ്രമുഖ പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വാദം കേൾക്കുന്ന സമയത്ത് ഉസ്മയ്ക്കു ഭർത്താവിനോടു സംസാരിക്കണമെങ്കിൽ ആകാമെന്ന് കോടതി പറഞ്ഞു. എന്നാൽ ഉസ്മ ഇത് നിരസിച്ചു. മേയ് പന്ത്രണ്ടിനാണ് ഉസ്മ കോടതിയിൽ ഹർജി നൽകിയത്. രോഗബാധിതയായ മകളെ കാണുന്നതിന് ഇന്ത്യയിലേക്കു വിട്ടയക്കണം എന്നായിരുന്നു ആവശ്യം.

അപേക്ഷയുമായി ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും യുവതി സമീപിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു തന്നെ പാക്ക് പൗരൻ താഹിർ അലി വിവാഹം ചെയ്തതെന്നു ഇസ്‌ലാമാബാദ് കോടതിയിലും പരാതി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകിയിരുന്നു. കോടതി നിർദ്ദേശപ്രകാരം ഉസ്മയുടെ യാത്രാരേഖകള്‍ ഭര്‍ത്താവ് താഹിര്‍ അലി കോടതിയിൽ കൈമാറിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ഉസ്മ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിൽ അഭയം പ്രാപിച്ചത് പാക്കിസ്ഥാനിൽ വലിയ വിവാദമായിരുന്നു. ഭാര്യയെ ഇന്ത്യൻ അധികൃതർ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഭർത്താവ് താഹിർ അലി പരാതിപ്പെട്ടത്. മലേഷ്യയില്‍വച്ച് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ മൂന്നിനാണ് വിവാഹിതരായത്. പാക്കിസ്ഥാനിലുളള ബന്ധുക്കളെ കാണാന്‍ പോകാന്‍ സന്ദര്‍ശക വിഭാഗത്തിലാണ് ഉസ്മ വീസ നേടിയതെന്ന് ന്യൂഡല്‍ഹിയിലെ പാക്ക് ഹൈക്കമീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീസ അപേക്ഷയിൽ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നില്ലെന്നും പാക്ക് ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ