തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക്കിസ്ഥാൻ പൗരൻ വിവാഹം ചെയ്തു എന്നാരോപിച്ച് ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഡോക്ടർ ഉസ്മ ഇന്ത്യയിൽ തിരിച്ചെത്തി. വാഗ അതിർത്തിവരെ ഉസ്മയെ പാക്കിസ്ഥാൻ സൈന്യം ആണ് എത്തിച്ചത്. ഉസ്മയെ സ്വീകരിക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞർ ഉൾപ്പടെയുള്ള സംഘം വാഗാ അതിർത്തിയിൽ എത്തിയിരുന്നു.

അതേസമയം ഇന്ത്യയുടെ മകൾക്ക് രാജ്യത്തേക്ക് സ്വാഗതമെന്നും പാക്കിസ്ഥാനിൽ ഉസ്മ നേരിട്ട എല്ലാ പ്രതിസന്ധികകൾക്കും താൻ ക്ഷമ ചോദിക്കുന്നു​വെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ബുധനാഴ്ച ഉസ്മയ്ക്കു നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങാ​​​​​ൻ പാ​​​​​ക് കോ​​​​​ട​​​​​തി​​​​​ അ​​​​​നു​​​​​മ​​​​​തി നൽകിയിരുന്നു.


ഇന്ത്യയിലേക്ക് തിരിച്ചെത്താൻ അപേക്ഷയുമായി ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും യുവതി സമീപിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു തന്നെ പാക്ക് പൗരൻ താഹിർ അലി വിവാഹം ചെയ്തതെന്നു ഇസ്‌ലാമാബാദ് കോടതിയിലും പരാതി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകിയിരുന്നു. കോടതി നിർദ്ദേശപ്രകാരം ഉസ്മയുടെ യാത്രാരേഖകള്‍ ഭര്‍ത്താവ് താഹിര്‍ അലി കോടതിയിൽ കൈമാറിയിട്ടുണ്ട്.


ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ഉസ്മ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിൽ അഭയം പ്രാപിച്ചത് പാക്കിസ്ഥാനിൽ വലിയ വിവാദമായിരുന്നു. ഭാര്യയെ ഇന്ത്യൻ അധികൃതർ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഭർത്താവ് താഹിർ അലി പരാതിപ്പെട്ടത്. മലേഷ്യയില്‍വച്ച് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ മൂന്നിനാണ് വിവാഹിതരായത്. പാക്കിസ്ഥാനിലുളള ബന്ധുക്കളെ കാണാന്‍ പോകാന്‍ സന്ദര്‍ശക വിഭാഗത്തിലാണ് ഉസ്മ വീസ നേടിയതെന്ന് ന്യൂഡല്‍ഹിയിലെ പാക്ക് ഹൈക്കമീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീസ അപേക്ഷയിൽ വിവാഹക്കാര്യം സൂചിപ്പിച്ചിരുന്നില്ലെന്നും പാക്ക് ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ