ന്യൂഡൽഹി: അമേരിക്കയിലെ വാഷിംഗ്‌ടണിൽ ഇന്ത്യക്കാരനായ ഗ്യാസ് സ്റ്റേഷൻ ജീവനക്കാരൻ വെടിയേറ്റു മരിച്ചു. കൊള്ളക്കാരുടെ ആക്രമണത്തിൽ വെടിയേറ്റതായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്.

കുടുംബസുഹൃത്തിന്റെ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന വിക്രം ജരിലാൽ (26) ആണ് വെടിയേറ്റ് മരിച്ചത്. കൊള്ളക്കാരുടെ സംഘം ഗ്യാസ് സ്റ്റേഷനിൽ കടന്നുകയറി പണം തട്ടിയെടുക്കാൻ  ശ്രമിച്ചെന്നാണ് വിവരം. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് വിക്രമിന് വെടിയേറ്റത്.

ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ആക്രമണം നടന്നത്. വിക്രമിന്റെ കൈയിലെ പണം തട്ടിയെടുത്ത ശേഷം കൊള്ളസംഘത്തിലൊരാൾ ഇദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു.

അമേരിക്കയിൽ അന്വേഷണ സംഘവുമായി ഈ കേസിന്റെ പുരോഗതി അന്വേഷിച്ച് വരികയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഗ്യാസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിയാനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.

പഞ്ചാബിലെ ഹോഷിരാപൂർ ജില്ല സ്വദേശിയാണ് മരിച്ച വിക്രം എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തുമ്പോൾ വിക്രമിന് ജീവൻ ഉണ്ടായിരുന്നതായി എൻബിസി റൈറ്റ് നൗ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 25 ദിവസം മുൻപാണ് വിക്രം അമേരിക്കയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ