കൻസാസ്: ഹൈദരാബാദ് സ്വദേശിയും അമേരിക്കയിൽ ഏവിയേഷൻ എൻജിനീയറുമായിരുന്ന ശ്രീനിവാസ കുചിബോട്ലയെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് ജീവപര്യന്തം തടവ്. അമേരിക്കൻ നാവികസേന മുൻ ഉദ്യോഗസ്ഥനായ ആദം പുരിൻടനി(52)നെയാണ് കോടതി ശിക്ഷിച്ചത്.
വിചാരണ അവസാനിച്ച മാർച്ച് മാസത്തിൽ തന്നെ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശ്രീനിവാസിനൊപ്പം രണ്ട് പേർക്ക് വെടിയേറ്റ സംഭവത്തിൽ 165 മാസവും ഇയാൾ തടവ് ശിക്ഷ അനുഭവിക്കണം. കേസിന്റെ ആദ്യ ഘട്ടത്തിൽ കൊലപാതകത്തിനും രണ്ട് പേർക്കെതിരെ വധശ്രമത്തിനുമായിരുന്നു കേസ്. ഇതാണ് പിന്നീട് വംശീയ വിദ്വേഷ കേസായി മാറിയത്. ഇതോടെയാണ് സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
കൻസാസിനടുത്ത് ഒലാത്തെ നഗരത്തിലെ തിരക്കേറിയ ബാറിൽ വച്ചാണ് ആദം പുരിൻടൺ എന്ന അക്രമി ഇന്ത്യക്കാരായ എൻജിനീയർമാർക്കെതിരെ വെടിയുതിർത്തത്. വെടിയേറ്റ ശ്രീനിവാസ് കുചിബോട്ല സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലോക് മദസാനിയെയും ഇവർ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ പൗരൻ ഇയാൻ ഗ്രില്ലറ്റിനെയും പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.