Russia-Ukraine Crisis: Indians in Ukraine: പടിഞ്ഞാറൻ ഉക്രെയ്‌നിലെ ചെർനിവറ്റ്‌സി നഗരത്തിൽ കുടുങ്ങിയ 50 ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഘത്തെ ഒഴിപ്പിക്കുന്നതിനായി റൊമാനിയൻ അതിർത്തിയിലേക്ക് നീങ്ങിയതായി ഒരു ഇന്ത്യൻ വിദ്യാർത്ഥി പറഞ്ഞു.
റൊമാനിയൻ അതിർത്തിയായ പോറുബ്നെ-സിറെറ്റിലേക്ക് 50 വിദ്യാർത്ഥികൾ റോഡ് മാർഗം പുറപ്പെട്ടിട്ടുണ്ടെന്നും 50 പേരടങ്ങുന്ന മറ്റൊരു സംഘം പുറപ്പെടാൻ കാത്തിരിക്കുകയാണെന്നും തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന മലയാളി വിദ്യാർത്ഥിനി വർഷ വിൽസൺ പറഞ്ഞു.
“അവർ (എംബസി) ഒഴിപ്പിക്കലിനായി വിദ്യാർത്ഥികളുടെ രണ്ട് ലിസ്റ്റ് അയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ ലൊക്കേഷൻ മാപ്പ് അയച്ചു, 50 വിദ്യാർത്ഥികൾ അതിർത്തിയിലേക്ക് ബസിൽ കയറിക്കഴിഞ്ഞു. അടുത്ത ബസിനായി 50 പേരടങ്ങുന്ന മറ്റൊരു സംഘത്തെ കണ്ടെത്തിയിട്ടുണ്ട്. വാഹനം എത്തിയാലുടൻ പുറത്തേക്ക് പോകാൻ അവർ കാത്തിരിക്കുകയാണ്,” അവർ പറഞ്ഞു.
Also Read: Russia-Ukraine Crisis: ഒഴിപ്പിക്കൽ നാളെ മുതൽ; യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ
തന്റെ ഹോസ്റ്റൽ ചെർനിവ്‌സി നഗരത്തിലാണെന്നും 200 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ താമസിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. “ഉക്രെയ്നിന്റെ ഈ ഭാഗത്ത് ഞങ്ങളുടെ ജീവിതം സാധാരണമാണ്. എന്നാൽ, വിദ്യാർഥികൾ ഹോസ്റ്റൽ പരിസരത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുണ്ട്. കടകൾ തുറന്നിരിക്കുന്നു, നിലവിൽ സാധനങ്ങൾക്ക് ഒരു ക്ഷാമവുമില്ല,” വർഷ വിൽസൺ കൂട്ടിച്ചേർത്തു.