ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയത്. സംഘത്തില്‍ 85 മലയാളികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ രണ്ട് പേര് ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പോകും.
ബാക്കിയുള്ള 83 പേര്‍ക്കൊപ്പം ഇന്നലെ എത്തിയ എട്ട് പേരും ഉച്ചയ്ക്ക് ശേഷമുള്ള എയര്‍ ഏഷ്യ വീമാനത്തില്‍ കൊച്ചിയിലെത്തുമെന്നുമാണ് വിവരം. ഒരു കുടുംബവും രണ്ടരമാസം പ്രായമുള്ള കുഞ്ഞും സംഘത്തിലുണ്ട്. പോളണ്ടിൽ നിന്നുള്ള ഇൻഡിഗോ ഫ്ലൈറ്റും എയർഫോഴ്സിന്റെ ഫ്ലൈറ്റുമാണ് ഇനി എത്താനുള്ളത്. സുമിയില്‍ അവസാനം വരെ കുടുങ്ങിക്കിടന്നിരുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു.
സുമി സ്റ്റേറ്റ് യുണിവേഴ്സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു. യുക്രൈന് അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.
സുമിയില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുക എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. രക്ഷപ്രവര്‍ത്തനത്തിന് ശ്രമിച്ചതിന് ശേഷം സുരക്ഷമല്ലാത്തതിനാല് അവസാന നിമിഷം ദൗത്യം നിര്‍ത്തിവയ്ക്കേണ്ടി വരെ വന്നിരുന്നു. സുമിയിലെ വിദ്യാര്‍ഥികളെ രക്ഷിക്കാത്തതില്‍ വലിയ തോതിലുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Also Read: Kerala Budget 2022: ഭൂനികുതി കൂട്ടും; ന്യായവിലയില്‍ 10 ശതമാനം വര്‍ധന