കോവിഡ് മഹാമാരി മൂലം ഏതാണ്ട് മൂന്ന് വര്‍ഷത്തോളം കാമ്പസ് ജീവിതം നഷ്ടമായതിന് ശേഷം നവംബര്‍ 27-ന് ചൈനയിലെ തന്റെ മെഡിക്കല്‍ കോളജിലെത്തിയ അശുതോഷ് കുമാറിനെ വരവേറ്റത് വെല്ലുവിളികള്‍ തന്നെയായിരുന്നു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.
നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും അയവ് വരുത്താനുള്ള തീരുമാനത്തെ തുടർന്നാണ് ചൈനയില്‍ ഇപ്പോള്‍ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചത്. എങ്കിലും തിരിച്ചുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അശുതോഷ് പറയുന്നു.
“ഓഗസ്റ്റിൽ ചൈനീസ് സർക്കാർ വിസ നൽകാൻ തുടങ്ങിയപ്പോഴാണ് തിരിച്ചുവരാം എന്ന തീരുമാനത്തിലേക്കെത്തിയത്. ഓൺലൈൻ ക്ലാസുകളിലൂടെ എംബിബിഎസ് ചെയ്യാൻ കഴിയില്ല എന്ന വസ്തുതയും മനസിലാക്കണമല്ലോ,” ഗുവാങ്‌സിയിലെ യൂജിയാങ് മെഡിക്കൽ സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥിയായ അശുതോഷ് പറയുന്നു.
2020 ജനുവരിയിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ സര്‍വകലാശാലകള്‍ അടച്ചു പൂട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വന്നു. പിന്നീട് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായിരുന്നു പഠനം. ചൈന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന വരെ കാത്തിരിക്കുക മാത്രമായിരുന്നു വിദ്യാര്‍ഥികളുടെ മുന്നിലുള്ള ഏക വഴി. കഴിഞ്ഞ ഓഗസ്റ്റിലാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് വിസക്കായി അപേക്ഷിക്കാമെന്ന തീരുമാനം ചൈന സ്വീകരിച്ചത്.
ചൈനയിലെ കോവിഡ് സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും വിചാരിക്കുന്ന അത്ര ഗുരുതരമല്ല കാര്യങ്ങളെന്നും അശുതോഷ് കൂട്ടിച്ചേര്‍ത്തു.
“മൂന്നാം ഘട്ട വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. രോഗം ഗുരുതരമാകുന്നതായും മരണങ്ങള്‍ സംഭവിക്കുന്നതായുമുള്ള വാര്‍ത്തകള്‍ കുറവാണ്. എന്റെ മെഡിക്കല്‍ കോളജില്‍ പോലും രോഗികള്‍ കുറവാണ്. രാജ്യത്തെ സ്ഥിതിഗതികള്‍ മോശമായിരുന്നെങ്കില്‍ ചൈന അതിര്‍ത്തികള്‍ തുറക്കാമെന്ന തീരുമാനം എടുക്കില്ലായിരുന്നു,” അശുതോഷ് വ്യക്തമാക്കി.
“ഹോങ് കോങ്ങില്‍ അഞ്ച് ദിവസവും സര്‍വകലാശാലയില്‍ എത്തിയ ശേഷം മൂന്ന് ദിവസവും ക്വാറന്റൈനില്‍ തുടര്‍ന്നു. ഇപ്പോള്‍ ക്വാറന്റൈന്‍ പോലും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം ഐസൊലേറ്റ് ചെയ്യും,” അശുതോഷ് പറഞ്ഞു.
ജനുവരി എട്ടോടെ ചൈന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയേക്കും.
ഷിയാന്‍ സിറ്റിയിലെ ഹുബൈ യുണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ റീബ ജോണ്‍ ഒക്ടോബര്‍ 25-നാണ് ചൈനയിലെത്തിയത്.
“ഞാന്‍ ഇവിടെ എത്തിയപ്പോള്‍ സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. എല്ലാം 48 മണിക്കൂറിലും ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്,” റീബ പറഞ്ഞു.
എംബിബിഎസ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ നാട്ടില്‍ തുടര്‍ന്നവരാണ് വിദ്യാര്‍ഥികളില്‍ കുടുതല്‍ പേരും.
“എംബിബിഎസ് പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നു. വീട്ടിലായിരുന്നപ്പോള്‍ വല്ലാത്ത ആശങ്കയായിരുന്നു. ഇപ്പോള്‍ ഞാന്‍ കാമ്പസിലേക്ക് മടങ്ങി എത്തിയിരിക്കുന്നു, ആശ്വാസമുണ്ട്. കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. പൊതുസ്ഥലങ്ങളില്‍ എല്ലാം പോകാന്‍ കഴിയും,” കോഴിക്കോട് സ്വദേശിയായ ആന്‍ഡ്രൂസ് മാത്യു പറഞ്ഞു.